‘കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത്‌ നിജം’ ; ആവേശം നിറച്ച് ‘മലൈക്കോട്ടൈ വാലിബന്റെ’ ടീസര്‍ പുറത്ത്

ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്.

0
260

ആരാധകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ വിശേഷങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി ‘മലൈക്കോട്ടൈ വാലിബന്റെ’ ഏറ്റവും പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. കാത്തിരിപ്പൊനൊടുവില്‍ ‘മലൈക്കോട്ടൈ വാലിബന്റെ’ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത്‌ നിജം’മോഹന്‍ലാലിന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസര്‍ റിലീസായത്.

ആരാധകരെ ആവേശത്തിലാക്കുന്നതാണ് മലൈക്കോട്ടൈ വാലിബന്‍ ടീസര്‍ എന്നാണ് വ്യക്തമാകുന്നത്.മലൈക്കോട്ടൈ വാലിബന്റെ ക്യാപ്റ്റന്‍ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്, അതിന്റെ ഒരു കാഴ്ച ഈ ടീസറില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും എന്നാണ് മോഹൻലാൽ ടീസറിനെക്കുറിച്ച് പറയുന്നത്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് കൂടാതെ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. ‘മലൈക്കോട്ടൈ വാലിബൻ’ 2024 ജനുവരി 25 നാണ് പ്രദര്‍ശനത്തിനെത്തുക. അതേസമയം ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്.
പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബന്‍’ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ‘നായകൻ’, ‘ആമേൻ’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ടീസര്‍ പുറത്തെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നത് സ്വന്തം കഴിവിലെ വിശ്വാസമര്‍പ്പിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമയുടെ കഥ അന്തിമമാക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള സമ്മർദ്ദത്തിൽ നിന്നല്ല, അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബൻ’ എന്ന ഒരു സിനിമയുടെ അടിസ്ഥാന ആശയം എന്നിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തമായി. റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരൻ ആ സിനിമാ ലോകം വികസിപ്പിച്ചെടുത്തു. പിന്നെ ലാലേട്ടൻ ആ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നി എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

മോഹൻലാലുമായി ദീർഘകാല പരിചയം ഉള്ളതിനാല്‍ സിനിമയിലേക്ക് കടക്കാൻ തീരുമാനിച്ചപ്പോൾ, സ്വാഭാവികമായും അദ്ദേഹത്തെ നായക വേഷത്തിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചുവെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ലിജോ എന്ന പ്രതിഭാധനനായ ഒരു സംവിധായകൻ മോഹൻലാലിനൊപ്പം കൈകോർക്കുമ്പോൾ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്‌നർ തീർച്ചയായും പ്രതീക്ഷിക്കാമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കുന്നു. എന്തായാലും ആകാംക്ഷ നിറച്ച ചിത്രത്തിന്റെ ടീസർ കൂടി പുറത്ത് വന്നതോടു കൂടി മലൈക്കോട്ടെ വാലിബനായി കട്ട വെയിറ്റിങ്ങിലാണ് നമ്മുടെ ആരാധകരും.