റെയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം; ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിട്ടു

മണ്ണിടിച്ചിലുണ്ടാകുന്നത് തൊട്ടു മുൻപാണ് രണ്ടു ട്രെയിനുകൾ ഇതുവഴി കടന്നുപോയത്.

0
160

അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് റെയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത് . അങ്ങാടിക്കടവ് റെയിൽവെ ഗേറ്റിന് സമീപം അടിപ്പാത നിർമ്മാണത്തിനുപയോഗിക്കുന്ന ഭീമൻ പൈപ്പ് ചരിഞ്ഞതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഗതാഗത തടസ്സം ഉണ്ടായത്.മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ട്രെയിനുകൾ അങ്കമാലി റെയിൽവെ സ്റ്റേഷനിലും, കറുകുറ്റി, കൊരട്ടി, ചാലക്കുടി ഭാഗങ്ങളിലും നിർത്തിയിട്ടു.

മണ്ണിടിച്ചിലുണ്ടാകുന്നത് തൊട്ടു മുൻപാണ് രണ്ടു ട്രെയിനുകൾ ഇതുവഴി കടന്നുപോയത്. മണ്ണിടിഞ്ഞുവീഴുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ യുവാവാണ് ഉടൻ തന്നെ ഉദ്യോ​ഗസ്ഥരെ അറിയിച്ചത്. തുടർന്നാണ് ഇരു ഭാ​ഗങ്ങളിലേക്കും പോകുന്ന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത്.