നിങ്ങൾ വ്യാജ വാർത്ത ഇറക്കിയാൽ ഞങ്ങൾ വ്യാജ കാർഡ് അടിക്കും, അല്ല പിന്നെ

പത്രങ്ങളും ചാനലുകളും നിരന്തരം വ്യാജവാർത്തകൾ കൊടുക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു ഫേസ്ബുക്കിലെ പുതിയ ഗർജിക്കുന്ന സിംഹം മാങ്കൂട്ടത്തിലെ രാഹുലനും കുറച്ച് കാർഡ് അങ്ങോട്ടിറക്കി. മുംബൈയിലെ ചോർ ബസാറിനെയും വെല്ലുന്ന തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ്.

0
445

അങ്ങനെ ഉണ്ടോണ്ടിരിക്കുമ്പോൾ മനോരമയുടെ വളരെ “മിഖച്ച” ലേഖകന് ഒരു ഉൾവിളി. ചാവക്കട്ടെ ഫ്ലോറ്റിങ് ബ്രിഡ്ജ് തകർന്നു എന്നായിരുന്നു അത്. ഓസിന് കുപ്പിയും കോഴിക്കാലും കടിച്ചുപറിച്ചത് കാരണം സ്വപ്‍നം കണ്ടതുമില്ല. പക്ഷേ ഉൾവിളി ഉണ്ടായി. ദേ പിറ്റേന്ന് ആഞ്ഞുപൂശി. ചാവക്കട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവീണു. 80 ലക്ഷം വെള്ളത്തിൽ എന്ന തലക്കെട്ടുമിട്ടു. വാർത്ത വായിച്ച ചാവക്കാട്ടുകാർ ആകെ കൺഫ്യൂഷനിലായി. ശരിക്കും മനോരമ ലേഖകൻ ആയിരുന്നു ‘വെള്ളത്തിൽ’. ആരോ എന്തോ വിളിച്ചു പറഞ്ഞു, അതെടുത്ത് വാർത്തയുമാക്കി. വാർത്ത ഇടയ്ക്കിടെ വായിച്ചുവായിച്ച് കാഞ്ചിത കുഞ്ചിതനായി ഇരിക്കുമ്പോഴാണ് സത്യം പുറത്തുവരുന്നത്. ശക്തമായ കടൽ ക്ഷോഭവും ഉയർന്ന തിരമാല മുന്നറിയിപ്പും ഉള്ളതുകൊണ്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റുകയായിരുന്നു എന്നതാണ് യാഥാർഥ്യം. മനോരമയെ നമ്പി കിടിലൻ പ്രസ്താവന നടത്തിയ സതീശനും സെമി കേഡർ സുധാകരനും അപ്പോ ആരായി എന്നാണിപ്പോ നാട്ടുകാരുടെ ചോദ്യം.
മുമ്പൊരിക്കൽ വടകര നഗരസഭ കഞ്ചാവ് കൃഷി ചെയ്യുന്നു എന്ന അപാര സ്‌കൂപ്പ് കൊടുത്ത ടീംസ് ആണ് കേരളത്തിലെ മാധ്യമ പുംഗവന്മാർ. നാട്ടുകാർ കൈ വെക്കും എന്ന അവസ്ഥ വന്നപ്പോൾ കയ്യും കാലും പിടിച്ചും കരഞ്ഞു പിഴിഞ്ഞും ‘കൊട്ട്’ വാങ്ങാതെ രക്ഷപ്പെട്ടു. ഔചിത്യ ബോധം എന്ന ഒന്ന് തീരെ ഇല്ലാത്ത കൂട്ടരായി മാധ്യമ പ്രവർത്തകർ മാറിക്കൊണ്ടിരിക്കുന്നു. ഒരു ദിവസം ഒരു വ്യാജ വാർത്തയോ അതുമല്ലെങ്കിൽ ഒരു വാർത്ത ഉൽപ്പാദിപ്പിച്ചില്ലെങ്കിലോ ഉറക്കം വരില്ല. അതിനായി ഒരു ഭ്രാന്തനെ പോലെ അലഞ്ഞു നടക്കാനും ഇവർക്ക് മടിയില്ല. പലരും സഞ്ചരിച്ച വഴിയിൽ നിന്നും ഇവർ മാറി നടക്കുകയും ചെയ്യും. എന്നിട്ട് ഇമ്പാക്ട് വാർത്തയുമായി ഒരു ഉളുപ്പുമില്ലാതെ വരികയും ചെയ്യും.
കേരള മന്ത്രിസഭ നടത്തുന്ന നവ കേരള സദസിന്റെ ബസിൽ തുടങ്ങി നാട്ടിലെ കക്കൂസ് വരെ നീളുന്ന വലിയ ‘അന്വേഷണ പരമ്പര’ വരെ പൂശിക്കളയും. ലോകത്ത് എന്തുണ്ടായാലും അതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ തോളിൽ കൊണ്ടുവെക്കുകയും ചെയ്യും. വസ്തുത വേണ്ട, കുത്തിത്തിരിപ്പ് മതിയെന്നാണ് ഇവരുടെ നിർദേശം. എന്നിട്ടും തങ്ങൾ വളരെ ‘മിഖച്ച’ നിഷ്പക്ഷ പത്രപ്രവർത്തകർ ആണെന്ന തള്ളാണ് സഹിക്കാൻ പറ്റാത്തത്.
തങ്ങളുടെ സ്വന്തം പത്രങ്ങളും ചാനലുകളും നിരന്തരം വ്യാജവാർത്തകൾ കൊടുക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു ഫേസ്ബുക്കിലെ പുതിയ ഗർജിക്കുന്ന സിംഹം മാങ്കൂട്ടത്തിലെ രാഹുലനും കുറച്ച് കാർഡ് അങ്ങോട്ടിറക്കി. മുംബൈയിലെ ചോർ ബസാറിനെയും വെല്ലുന്ന തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ്. പറമ്പിലെ ഷാഫിക്കാടെയും സതീശണ്ണന്റെയും പെട്ടി പിടിച്ചാൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആകില്ലെന്ന് മനസിലാക്കിയതോടെയാണ് രാഹുലൻ വ്യാജ കാർഡ് ഇറക്കിയത്. ദേ പിന്നാലെ അണ്ണൻ ജയിക്കുകയും ചെയ്തു. അങ്ങനെ യുത്ത് പ്രസിഡന്റ് ആയി വിരാജിക്കാൻ ആ കിയ കാറിൽ കയറുമ്പോൾ സ്വന്തം അണികൾ തന്നെ പണി കൊടുത്തു. കേസ് എടുത്തു. ഇപ്പോൾ സ്റ്റേഷനിലും മറ്റും ഇങ്ങനെ കയറിയിറങ്ങുകയാണ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേസ് സിബിഐക്ക് കൈമാറുമെന്നും കേൾക്കുന്നു. യുത്ത് കോൺഗ്രസ് പ്രസിഡന്റ് ആയതോടെ രാഹുലന്റെ രാശി തെളിഞ്ഞു എന്നാണ് അടൂർ അടക്കം പലയിടങ്ങളിലെയും അടക്കിപ്പിടിച്ച സംസാരം. എന്തായാലും ആള് ഫേമസ് ആയി. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും വ്യാജ കാർഡ് നിർമാണവും ഒക്കെ നമ്മുടെ മാധ്യമ സിംഹങ്ങൾ അറിഞ്ഞിട്ടില്ല. കേരളത്തിലെ സംസ്ഥാന സർക്കാരിന്റെ വികസന വാർത്ത കൊടുക്കുന്ന പോലെ ഏതോ ഒരു പേജിൽ ആരും കാണാതെ ഒരു വാർത്ത കൊടുത്തു. പെയ്ഡ് വാർത്തയുടെ ഉസ്താദ് ആയതുകൊണ്ടാകും മൊഴി എടുപ്പിക്കാൻ ക്ഷണിച്ചതാണ് എന്ന വിശദീകരണവും കൊടുത്തു. എന്തായാലും സർക്കാരിന് ആശ്വസിക്കാം, രാഹുലന്റെ വാർത്തയെക്കാൾ വലിപ്പത്തിൽ വികസന വാർത്ത മനോമാദികൾ കൊടുത്തുവല്ലോ എന്നും പറഞ്ഞ്.
മാധ്യമ പ്രവർത്തകരുടെ വില അറിയണമെങ്കിൽ ഒന്ന് പുറത്തിറങ്ങിയാൽ മതി. വളരെ നല്ല വിലയാണിപ്പോൾ നാട്ടുകാർക്കിടയിൽ. കയ്യകലത്തിൽ നിന്നും മാറി നിന്നില്ലെങ്കിൽ രണ്ട് കിട്ടുമെന്ന അവസ്ഥയായിട്ടുണ്ട്. കഴിഞ്ഞയാഴ്ച നവകേരള സദസിന്റെ ഉദ്‌ഘാടനത്തിന് പോയ മാധ്യമപ്രവർത്തകർ പലരും നാട്ടുകാരുടെ മതിപ്പിനെപ്പറ്റി രഹസ്യമായി പറയുന്നുണ്ട്. ചാനൽ മൈക്ക് കണ്ടാൽ ഓടി വരുന്ന കാലം ഒക്കെ പോയി എന്നാണ് അടക്കം പറച്ചിൽ. അഭിപ്രായം ചോദിക്കാൻ ജനങ്ങളെ വിളിച്ചാൽ ഇല്ലാത്തത് പറയിക്കാനല്ലേ എന്നാണ് മറുചോദ്യം. കോലുമായി വരുന്നവരെ കാണുമ്പോൾ നാട്ടുകാരുടെ ഒരു ഒന്നൊന്നര ചിരിയുണ്ട്, അത് മതി സ്വന്തം വില അളക്കാൻ. വസ്തുതകൾ മറച്ചുവെച്ച് കോൺഗ്രസിനുവേണ്ടി വിടുപണി ചെയ്യുന്നത് കൊണ്ടാണ് ഈ ദുര്യോഗം എന്ന് തിരിച്ചറിയുമ്പോഴേക്കും കാൽ കാശിന്റെ വിലയില്ലാത്തവരായി ഇക്കൂട്ടർ മാറും എന്നതിൽ സംശയം ഉള്ളതാനും.