വ്യാജ ഐഡി കേസിലെ പ്രതികൾ സഞ്ചരിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ

0
100

തിരുവനന്തപുരം : യൂത്ത് കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതിന് അറസ്റ്റിലായ പ്രതികൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ. ഈ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. രാഹുൽ മാങ്കൂട്ടത്തിലും ഇത് സ്ഥിരീകരിച്ചു. തന്റെ കാറിൽ ഏത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനും സഞ്ചരിക്കാമെന്നും നിലവിൽ അറസ്റ്റിലായവർ തന്റെ വിശ്വസ്തർ തന്നെയാണെന്നും രാഹുൽ പറഞ്ഞു. കേസിലെ പ്രതികളായ ഫെനിയെയും ബിനിലിനെയുമാണ് രാഹുലിന്റെ കാറിൽ നിന്നും അന്വേഷക സംഘം അറസ്റ്റ് ചെയ്തത്‌. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വ്യാജ കാർഡുകൾ നിർമിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതിനുവേണ്ടി ഗൂഢാലോചന നടന്നുവെന്നും  റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി നിർമിച്ച സംഭവത്തിൽ പ്രതികളുടെ പ്രവർത്തി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തമിഴ് നടൻ അജിത്തിന്റെ പേരിലടക്കമുള്ള വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. പ്രതി അഭി വിക്രമിന്റെ ഫോണിൽ നിന്നുമാണ് അജിത്തിന്റെ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയത്.