തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറും; 38 സ്മാർട്ട് റോഡുകൾ വരുന്നു, ചെലവ് 25 കോടി

നാല് പ്രവർത്തികൾ തുടങ്ങി, മറ്റുള്ളവ ഉടൻ ആരംഭിക്കും.

0
118

തിരുവനന്തപുരം: അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന തലസ്ഥാന നഗരിയുടെ മുഖം മിനുക്കാൻ 38 സ്മാർട്ട് റോഡുകൾ വരുന്നു. 25 കോടി രൂപ ചെലവിട്ട് ബിഎം‌ബിസി (‌ബിറ്റുമിൻ മെക്കാഡം ‌ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ മാനവീയം, കലാഭവൻ മണി റോഡുകളുടെ മാതൃകയിലാണ് നിർമിക്കുക. സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ കെആർഎഫ്ബിക്ക് നിർമാണ ചുമതലയുള്ള തിരുവനന്തപുരം ന​ഗരത്തിലെ 38 പ്രധാന റോഡുകളുടെ പ്രവർത്തിയാണ് ഒരുമിച്ച് ആരംഭിക്കുന്നത്. ഇതിൽ തൈക്കാട് ഹൗസ്- മോഡൽ സ്കൂൾ റോഡ്, പബ്ലിക് ലൈബ്രറി– നന്ദാവനം റോഡ്, എസ് എസ് കോവിൽ റോഡ്, വിജെടി–ഫ്ലൈഓവർ റോഡ് എന്നിവയുടെ നിർമാണം ആരംഭിച്ചു. ബാക്കിയുള്ളവ ഈ ആഴ്ച തുടങ്ങും.

ചില റോഡുകൾ പൈതൃക തെരുവിന്റെ മാതൃകയിൽ നിർമിക്കാനും ആലോചനയുണ്ട്. എല്ലാ പ്രവൃത്തികളും മാർച്ചിൽ പൂർത്തിയാകും. ഉന്നതനിലവാരത്തിൽ 38 റോഡ്‌ പൂർത്തിയാകുന്നതോടെ ന​ഗരം അടിമുടി സ്മാർട്ടാകും. കഴിഞ്ഞയാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ റോഡ് നിർമാണം അതിവേ​ഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു. പ്രവൃത്തി പരിശോധിക്കുന്നതിന് മന്ത്രിതലത്തിൽ എല്ലാ മാസവും യോഗം ചേരും.

കിള്ളിപ്പാലം– അട്ടക്കുളങ്ങര, ആൽത്തറ– ചെന്തിട്ട, സ്പെൻസർ– ഗ്യാസ് ഹൗസ് ജങ്ഷൻ, വിജെടി ഹാൾ– ഫ്ളൈഓവർ റോഡ്, തൈക്കാട് ഹൗസ്– കീഴേ തമ്പാനൂർ റോഡ്, സ്റ്റാച്യു– ജനറൽ ആശുപത്രി, ​ഫോറസ്റ്റ് ഓഫീസ് ജങ്ഷൻ– ബേക്കറി ജങ്ഷൻ, നോർക്ക– ഗാന്ധിഭവൻ, ഓവർബ്രിഡ്ജ്– ഉപ്പിടാംമൂട് ജങ്ഷൻ, ജനറൽ ആശുപത്രി– വഞ്ചിയൂർ, എസ്എംഎസ്എം ഇൻസ്റ്റിറ്റ്യൂട്ട്–​ ഗവ. പ്രസ് റോഡ്, ​ഗണപതി കോവിൽ റോഡ്, കരുണാകരൻ സപ്തതി മന്ദിരം റോഡ്, എസ്എസ് കോവിൽ റോഡ്, ആനി മസ്‌ക്രീൻ– ബേക്കറി ജങ്ഷൻ റോഡ്, മാഞ്ഞാലിക്കുളം റോഡ്, പുന്നേൻ റോഡ്, പുളിമൂട് റസിഡൻസി– ഹൗസിങ് ബോർഡ്, പുളിമൂട് റസിഡൻസി– മോഡൽ സ്കൂൾ, പുളിമൂട് റസിഡൻസി– മേട്ടുക്കട ജങ്ഷൻ, സ്റ്റാച്യു– ചിറക്കുളം റോഡ്, പുളിമൂട്– ഉപ്പിടാമൂട്, ആയുർവേദ കോളേജ്– ഓൾഡ് ജിപിഒ, ആയുർവേദ കോളേജ്– ചെട്ടിക്കുളങ്ങര റോഡ്, പബ്ലിക് ലൈബ്രറി– നന്ദാവനം റോഡ്, പാളയം നന്ദാവനം– പഞ്ചപുര ജങ്ഷൻ, ന്യൂ തിയറ്റർ റോഡ്, കൃപ തിയറ്റർ– അജന്ത തിയറ്റർ റോഡ്, സെൻട്രൽ തിയറ്റർ റോഡ്, പത്മവിലാസം റോഡ്, പഴവങ്ങാടി– ഉപ്പിടാമൂട് റോഡ്, അരിസ്റ്റോ റോഡ്, ചാല മാർക്കറ്റ് റോഡ്, ആര്യശാല റോഡ്‍, കല്യാൺ ആശുപത്രി റോഡ്, ചെന്തിട്ട ജങ്ഷൻ– എൻഎച്ച് ഡിവിഷൻ റോഡ്, ഡിഡിഇ ഓഫീസ്– എൻഎച്ച് ഡിവിഷൻ റോഡ്, തകരപ്പറമ്പ് റോഡ് എന്നിവയാണ് സ്മാർട്ടാകുന്ന റോഡുകൾ.