കളമശേരി സ്‌ഫോടനം; മാർട്ടിന്റെ സ്‌കൂട്ടറിൽ നാല് റിമോട്ടുകൾ, നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പൊലീസ്

മാർട്ടിനെതിരെ യുഎപിഎ, സ്‌ഫോടക വസ്തു നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തി.

0
134

കൊച്ചി: കളമശേരി സ്ഫോടനത്തിൽ നിർണായക തെളിവുകൾ കണ്ടെടുത്തത് പൊലീസ്. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ ആണ് കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള റിമോട്ടിൽ എ, ബി എന്നു രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകൾ ഉണ്ട്. മാർട്ടിന്റെ വാഹനത്തിൽ നിന്നുതന്നെയാണ് ഇവ കണ്ടെടുത്തത്.

ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് മാർട്ടിൻ സ്ഫോടനം നടത്തിയത്. ശേഷം വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകൾ. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്. കീഴടങ്ങാന്‍ മാര്‍ട്ടിന്‍ കൊടകര പോലീസ് സ്റ്റേഷനില്‍ എത്തിയ സ്‌കൂട്ടറിനുള്ളില്‍ തന്നെയായിരുന്നു റിമോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.

ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. നാലു പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ മാര്‍ട്ടിന്‍ തന്നെയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും മാര്‍ട്ടിന്‍ തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചിരുന്നു. താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാത്തതിനാലാണ് സ്‌ഫോടനം നടത്തിയതെന്നും മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. സംഭവത്തിൽ മാർട്ടിനെതിരെ യുഎപിഎ, സ്‌ഫോടക വസ്തു നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തുകയും കേസെടുത്തിട്ടുണ്ട്.

English Summary: Police finds crucial evidence in Kalamassery blast case.