അല്‍ ശിഫ ആശുപത്രിക്ക് നേരെ വൈറ്റ് ഫോസ്ഫറസ് ബോംബ്; വളഞ്ഞ് ഇസ്രയേല്‍ സൈന്യം

ഇസ്രയേല്‍ ആക്രമണത്തിന് എതിരെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സും രംഗത്തെത്തി.

0
488

ഗാസ: ബന്ദികളുടെ മോചനത്തിനായി അനൗദ്യോഗിക ചർച്ച നടന്നുകൊണ്ടിരിക്കെ ഗാസയിലെ ആശുപത്രികളിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിൽ ആയിരങ്ങൾ ചികിത്സയിലുള്ള അൽ ശിഫ ആശുപത്രിക്ക് നേരെ ഇസ്രയേൽ അതിമാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി പലസ്തീന്‍ ആരോഗ്യമന്ത്രി മയ് അല്‍ കൈല പറഞ്ഞു.

അല്‍ ശിഫ ആശുപത്രി ഐഡിഎഫ് സേനാംഗങ്ങള്‍ പൂർണമായും വളഞ്ഞു. മെഡിക്കല്‍ കോംപ്ലക്‌സിനെ ഇസ്രയേല്‍ സേന പൂര്‍ണമായി ഒറ്റപ്പെടുത്തിയെന്നും ആളുകളെ ലക്ഷ്യംവയ്ക്കുകയാണെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ശിഫ ആശുപത്രിയെ ലക്ഷ്യംവച്ചുള്ള ഇസ്രയേല്‍ ആക്രമണത്തിന് എതിരെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സും രംഗത്തെത്തി. ആശുപത്രിയിലെ രോഗികളെക്കുറിച്ചും ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ചും തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്ന് സംഘടന പറഞ്ഞു.

‘കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അല്‍ ശിഫ ആശുപത്രിക്ക് നേരേയുള്ള ആക്രമണം വർധിച്ചിരിക്കുകയാണ്. 12 ആശുപത്രികളോട് പ്രവർത്തനം നിർത്തിവെക്കാൻ ഇസ്രയേൽ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗവും പുറത്തുവന്നത്.

അതിനിടെ, ഗാസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ഏറി. സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും കൊല്ലുന്ന നടപടിയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ഗാസയില്‍ താത്ക്കാലിക മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ്, ഇമ്മാനുവല്‍ മാക്രോണും ആക്രമണത്തിന് എതിരെ രംഗത്തെത്തിയത്.

English Summary: Israel use white phosphorus bomb in gaza Al Shifa Hospital.