മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ​ഗോപി 15 ന് ചോദ്യം ചെയ്യലിന് ഹാജരാകും

18നകം ഹാജരാകണമെന്ന് കാട്ടി പൊലീസ് നോട്ടീസ് നൽകിയിരുന്നു.

0
183

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി 15ന് ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് പൊലീസ് സ്റ്റേഷനിലാകും നടൻ ഹാജരാക്കുക. ഈ മാസം 18നുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനൊപ്പം മോശം ഉദ്ദേശത്തോടെ പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സുരേഷ് ഗോപിക്കെതിരെ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് അപമര്യാദയായി പെരുമാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി.

എന്നാൽ മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പിന്നീട് രംഗത്തെത്തി. ആ കുട്ടിക്ക് റോങ് ടെച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എന്നാൽ പിന്നീട് മാധ്യമപ്രവർത്തകരെ ഒന്നാകെ പരിഹസിക്കുകയും ചെയ്തു. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് നോ ബോഡി ടച്ചിങ്ങ് പ്ലീസ് എന്നായിരുന്നു പരിഹാസം.

English Summary: Suresh Gopi will appear for questioning on the 15th.