ഗാസ കുരുന്നുകളുടെ ശവപ്പറമ്പാകുന്നു; 4506 കുട്ടികൾ കൊല്ലപ്പെട്ടു, ഇതുവരെ മരിച്ചത് 11078 പേർ

ഓരോ പത്ത് മിനിട്ടിലും ഓരോ കുട്ടി കൊല്ലപ്പെടുന്നുവെന്ന് യു എൻ.

0
440

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടുത്ത ആക്രമണത്തിൽ ഇതുവരെ 4506 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഓരോ പത്ത് മിനിട്ടിലും ഓരോ കുട്ടികൾ വീതം കൊല്ലപ്പെടുന്നതായി ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. ഗാസയിലെ ജനങ്ങൾക്കുമേൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് ഒരു മാസം പിന്നിടുമ്പോൾ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 11078 ആയി ഉയർന്നു.

ഗാസയിലെ സ്ഥിതി അതീവ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് യു എൻ വക്താവ് പറഞ്ഞു. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുകയാണ്. ആരോഗ്യമേഖലയ്ക്ക് തകിടം മറിഞ്ഞു. ആശുപത്രികൾക്കുനേരെ വരെ ഇസ്രയേൽ സൈന്യം കടന്നാക്രമണം നടത്തുന്നു. കഴിഞ്ഞ ദിവസം അൽശിഫ ആശുപത്രിൽ നടന്നത് അഞ്ച് ആക്രമണങ്ങളാണ്. ഇതിനകം നാലായിരത്തിലേറെ ആളുകളാണ് അൽശിഫ ആശുപത്രിയിൽ അഭയം തേടിയിട്ടുള്ളത്. ഇതിനുപുറമെ ചികിത്സയിൽ കഴിയുന്നവർ വേറെയും. ആശുപത്രികൾക്ക് സമീപം അഞ്ച് ടാങ്കറുകൾ നിലയുറപ്പിച്ചിട്ടുണ്ട്. 12 ആശുപത്രികൾ ഒഴിയണമെന്നാണ് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയിലാണ് ആക്രമണവും.

അതിനിടെ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ സൈന്യം ആക്രമണം അതിരൂക്ഷമാക്കി. ജെനിൻ അഭയാർത്ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18 കവിഞ്ഞു. ബെത്ലഹേമിലെ ഐഡ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ മുഹമ്മദലി അസീഹിൻ എന്ന പതിനേഴുകാരൻ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചയോടെ അഭയാർത്ഥി ക്യാമ്പിലേക്ക് ഇരച്ചുകയറിയ ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. വെസ്റ്റ്ബാങ്കിൽ തന്നെ ഏകദേശം നൂറിലേറെ പലസ്തീൻകാരെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തു. ഹെബ്രോൻ, റാമള്ള, ബേത്ലഹേം എന്നിവിടങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.