അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പുളിയപ്പതിയിലാണ് സംഭവം.

0
115

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. തമിഴ്‌നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് (70) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പുളിയപ്പതിയിലാണ് സംഭവം. മകളുടെ വീട്ടില്‍ എത്തിയതായിരുന്നു രാജപ്പന്‍.

പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ സമയത്ത് വീടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജപ്പനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രാജപ്പന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാട്ടാന അവിടെനിന്ന് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്.