തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കാന്‍ ആഗ്രഹം: സുരേഷ് ഗോപി

ശബരിമലയിലെ തന്ത്രി മുഖ്യനാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

0
344

എറണാകുളം: തനിക്ക് തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ പുറത്തുനിന്നല്ല അകത്ത് നിന്ന് തൊ‍ഴണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാര വേദിയിൽ സംസാരിക്കുമ്പോ‍ഴാണ് പരാമര്‍ശം.

“അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് വീണ്ടും അടിയുറച്ച് വിശ്വസിക്കുകയാണ്. എന്‍റെ അയ്യനെ ശ്രീകോവിലിന്‍റെ പടിയിൽ വെച്ച് കണ്ടാൽ പോരാ, അകത്തു കയറി തഴുകണം. കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം. എന്‍റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല” സുരേഷ് ഗോപി പറഞ്ഞു.

ശബരിമല ശാസ്താവിനെ അകത്ത് നിന്ന് തൊഴണമെന്ന് ആഗ്രഹം താൻ കണ്ഠര് രാജിവരരോട് പങ്കുവച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിനുമുമ്പും സമാന പരാമർശവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ശബരിമലയിലെ തന്ത്രി മുഖ്യനാകണമെന്നും പറഞ്ഞു.

English Summary: Desire to be reborn in Tantri family; SureshGopi.