കെ രാഘവന്‍മാസ്റ്റര്‍ പുരസ്‌കാരം പി ആര്‍ കുമാരകേരളവര്‍മ്മയ്ക്ക്

നവംബർ രണ്ടാം വാരത്തിൽ തിരുവനന്തപുരത്തുവെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

0
406

തിരുവനന്തപുരം: കെ രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ സംഗീത കലാപഠന ഗവേഷണകേന്ദ്രത്തിന്റെ ഈ വർഷത്തെ കെ രാഘവന്‍മാസ്റ്റര്‍ പുരസ്‌കാരം പ്രശസ്ത കർണാടക സംഗീതജ്ഞന്‍ പി ആര്‍ കുമാരകേരളവര്‍മ്മയ്ക്ക്. സംഗീത രംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന പുരസ്‌ക്കാരമാണിത്. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പി, വിദ്യാധരന്‍ മാസ്റ്റർ, പി ജയചന്ദ്രന്‍ എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം.

ലളിതസുന്ദരമായ ഈണങ്ങളിലൂടെ മലയാളികളുടെ സംഗീതബോധത്തില്‍ ചിരപ്രതിഷ്ഠ നേടിയ കെ രാഘവൻ മാസ്റ്ററുടെ സ്മരണ എന്നെന്നും നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്. പാറശാല രവി, ഡോ. വി കെ അനുരാധ, ആനയടി പ്രസാദ് എന്നിവരടങ്ങുന്ന സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. നവംബർ രണ്ടാം വാരത്തിൽ തിരുവനന്തപുരത്തുവെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

പതിമൂന്നാം വയസിൽ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആദ്യ കച്ചേരി നടത്തിയ കുമാരവര്‍മ്മയുടെ ഗുരുനാഥന്‍മാര്‍ വെച്ചുര്‍ ഹരിഹര സുബ്രമണ്യയ്യര്‍, മാവേലിക്കര പ്രഭാകരവര്‍മ്മ എന്നിവരാണ്. സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം, സംഗീത വിദ്വാന്‍, ഗാനപ്രവീണ പാസായി. ഡോ. ശെമ്മങ്കുടി ശ്രീനിവാസഅയ്യർക്ക് കീഴിൽ ഉപരിപഠനംനടത്തി. സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ അധ്യാപകനായിരുന്നു. പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജില്‍നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. 1993 ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും 2017 ല്‍ അക്കാഡമി ഫെലോഷിപ്പും ലഭിച്ചു. 1962 ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്തു. മുത്തുസ്വാമിദീക്ഷിതര്‍, ത്യാഗരാജ സ്വാമികള്‍, ശ്യാമാശാസ്ത്രികള്‍ എന്നിവരുടെ കൃതികള്‍ ചിട്ടപ്പെടുത്തി ഭാഷാ ഇന്‍സ്റ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. സംഗീതസംബന്ധമായ നിരവധി ലേഖനങ്ങള്‍ എഴുതി.

രാഘവന്‍മാസ്റ്ററുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ 2019 ല്‍ കെപിഎസിയാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്. കോഴിക്കോടാണ് ആസ്ഥാനം. രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 19ന് അദ്ദേഹത്തിന്റെ ജന്മനാടായ തലശേരിയിൽ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, സംഗീതവിരുന്ന് തുടങ്ങിയ പരിപാടികള്‍ ജനകീയ പങ്കാളിത്തത്തോടെ ഫൗണ്ടേഷന്‍ ഒരുക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷന്‍ പ്രസിഡന്റ് വി ടി മുരളി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ആനയടി പ്രസാദ്, വേലായുധൻ ഇടച്ചേരിയന്‍ എന്നിവര്‍ പങ്കെടുത്തു.

English Summary: K Raghavanmaster award to PR Kumarakerala Varma.