‘കാര്യമായി ചിലത് തുറന്നു പറയാനുണ്ട്’; രണ്ടു ദിവസം കാത്തിരിക്കൂവെന്ന് മന്ത്രി വീണാ ജോര്‍ജ്

തനിക്കെതിരെ അന്വേഷണം നീളുമെന്ന് പറഞ്ഞവർ ഇപ്പോൾ എന്തുപറയുന്നുവെന്നും മന്ത്രി.

0
78

തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് വിവാദത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ പറയട്ടെ. വിവാദത്തില്‍ കാര്യമായി മറുപടി പറയാനുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവര്‍ വരെ ഇവിടെയുണ്ട്. വിഷയത്തില്‍ ചിലത് തുറന്ന് പറയാനുണ്ട്. രണ്ടു ദിവസം കാത്തിരിക്കൂ. കാര്യമായി തന്നെ ചിലത് തുറന്നുപറയാനുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.

തന്റെ ബന്ധു കോഴ വാങ്ങിയെന്നുള്ള ആക്ഷേപം പോലും ഇതിനിടെ ചിലർ ഉയർത്തികൊണ്ടുവന്നു. തന്റെ നേരെ വരെ അന്വേഷണം നീളുമെന്ന് പറഞ്ഞവരുണ്ട് അവർ ഇപ്പോൾ എന്ത് പറയുന്നുവെന്നും വീണാ ജോർജ് ചോദിച്ചു. ഇപ്പോൾ അന്വേഷണം നടക്കുകയാണ്. അത് കഴിയട്ടെ. കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവർ ആദ്യം പ്രതികരിക്കട്ടെ. സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണം. വിഷയത്തില്‍ അന്വേഷണം നടക്കട്ടെ. പൊലീസ് എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം ചില കാര്യങ്ങൾ പറയാനുണ്ട്. സർക്കാരിന് ഒരു പ്രവർത്തന രീതിയുണ്ട്. അത് അഴിമതി വിരുദ്ധമാണ്. സർക്കാരിനെതിരെ കള്ളക്കഥകൾ മെനയുന്നവരുണ്ട്. അതിന്‍റെ ഭാഗമാണ് ഇതുമെന്നും വീണ ജോർജ് പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനം അഴിമതിക്കെതിരെയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആക്ഷേപങ്ങൾ ഉയർത്തുന്നത്. വലിയ ആത്മവിശ്വാസം തനിക്ക് ആദ്യം മുതലേയുണ്ട്. താൻ തെറ്റ് ചെയ്യാത്തത് കൊണ്ടാണ് അതെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Minister Veena George about the fake recruitment scam.