ഐപിസിക്ക് പകരം ‘ഭാരതീയ ന്യായ സംഹിത’; ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യാൻ ബിജെപി സർക്കാർ, ബില്‍ അവതരിപ്പിച്ച് അമിത് ഷാ

0
81

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്‌‌ട് എന്നിവയ്‌ക്ക് പകരം പുതിയ നിയമങ്ങൾ കൊണ്ടുവരുന്ന ഭേദ​ഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ‘ഭാരതീയ ന്യായ സംഹിത’, സിആർപിസി എന്നത് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’, ഇന്ത്യൻ എവിഡൻസ് ആക്‌‌ട് ‘ഭാരതീയ സാക്ഷ്യ’ എന്നിങ്ങനെ മാറും. ബില്ലുകൾ പാർലമെന്ററി സ്‌റ്റാന്റിങ് കമ്മിറ്റിക്ക് വിടും. രാജ്യത്തെ നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പാർലമെന്റിൽ പുതിയ ബില്ലുകൾ അവതരിപ്പിച്ചത്.

പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് ബില്ല് അവതരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കമിട്ടത്. നീതിയല്ല, ശിക്ഷയാണ് ബ്രിട്ടീഷ് നിയമങ്ങളുടെ കാതലെന്ന് അമിത് ഷാ പറഞ്ഞു. കാലോചിതമായ മാറ്റം ആവശ്യമാണ്. ബ്രിട്ടീഷ് കോളനിവൽക്കരണത്തിൽ നിന്ന് നിയമങ്ങളെ മാറ്റുന്നത് ആധുനികവൽക്കരണത്തിന്റെ ഭാ​ഗമാണ്. രാജ്യത്തെ സാഹചര്യത്തിനും പരിതസ്ഥിതിക്കും അനുസരിച്ചുള്ള മാറ്റമാണിതെന്നും അമിത് ഷാ പറഞ്ഞു.

പുതിയ നിയമത്തില്‍ രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കും. പുതിയ ബില്ലിന്‍റെ സെക്‌ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. ആൾക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷ. രാജ്യദ്രോഹക്കുറ്റം ഉണ്ടാവില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കും. കൂട്ട ബലാല്‍സംഗത്തിന് 20 വര്‍ഷമോ ജീവപര്യന്തമോ തടവുശിക്ഷ നിര്‍ദേശിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പുതിയ നിയമത്തിൽ പ്രാമുഖ്യം നൽകും. മാറ്റങ്ങൾ നീതി ഉറപ്പാക്കാനെന്ന് അമിത് ഷാ വ്യക്തമാക്കി.

ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് 1872 എന്നിവയില്‍ മാറ്റം വരുത്താനായി 2020 മാര്‍ച്ചിലാണ് ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ദില്ലിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ആയ ഡോ. റണ്‍ബീര്‍ സിംഗിന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നിയമ അധ്യാപകരും മുതിര്‍ന്ന അഭിഭാഷകരും മുതിര്‍ന്ന ജഡ്ജുമാരും അടങ്ങുന്നതായിരുന്നു കമ്മിറ്റി. ഫെബ്രുവരി 2022ലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ 2022ലാണ് നിയമ മന്ത്രാലയം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമ പരിഷ്കരണത്തിനൊരുങ്ങുന്നതായി രാജ്യസഭയെ അറിയിച്ചത്.