മിസോറാമിലുളള മെയ്‌തേയി വിഭാഗക്കാരെ എയർലിഫ്റ്റ് ചെയ്യാൻ പദ്ധതിയിട്ട് മണിപ്പൂർ

0
93

മിസോറാമിലുളള മെയ്‌തേയി വിഭാഗക്കാരെ വിമാനമാർഗം സംസ്ഥാനത്തെത്തിക്കാൻ പദ്ധതിയിട്ട് മണിപ്പൂർ സർക്കാർ. സംസ്ഥാനത്തുളള മെയ്‌തേയി വിഭാഗക്കാർ സുരക്ഷ കണക്കിലെടുത്ത് മണിപ്പൂരിലേക്ക് മടങ്ങണമെന്ന് മിസോറാമിലെ മുൻ തീവ്രവാദികളുടെ ഒരു സംഘടന (PAMRA) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂർ സർക്കാരിന്റെ നീക്കം.

മെയ് 4 ന്, ഒരു കൂട്ടം പുരുഷന്മാർ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇത് മിസോറാമിലെ യുവാക്കൾക്കിടയിൽ കടുത്ത രോഷമുണ്ടാക്കിയിട്ടുണ്ടെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്

ഐസ്വാൾ-ഇംഫാൽ, ഐസ്വാൾ-സിൽച്ചാർ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസ് നടത്തുന്ന എടിആർ വിമാനങ്ങളിൽ മിസോറാമിൽ നിന്ന് ആളുകളെ എത്തിക്കാനാണ് മണിപ്പൂർ സർക്കാർ പദ്ധതിയിടുന്നത്. ഐസ്വാൾ നഗരത്തിലെ മെയ്‌തേയി വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മിസോറാം പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ഇന്ത്യ ടുഡേ നോർത്ത് ഈസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

എയർലിഫ്റ്റ് ചെയ്യാനുള്ള പദ്ധതി

മെയ്‌തേയി വിഭാഗക്കാരെ എയർലിഫ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, ഒഴിപ്പിക്കൽ പ്രക്രിയ എപ്പോൾ ആരംഭിക്കുമെന്നതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിപ്പൂരിൽ നിന്നും തെക്കൻ അസാമിൽ നിന്നുമുള്ള ആയിരക്കണക്കിന് മെയ്‌തേയി വിഭാഗക്കാർ മിസോറാമിൽ താമസിക്കുന്നുണ്ട്.

‘ഐസ്വാളിൽ നിന്ന് മെയ്‌തേയികളെ എയർലിഫ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. എന്നാൽ ഒഴിപ്പിക്കൽ എപ്പോൾ നടക്കുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല’ ഐസ്വാളിൽ താമസിക്കുന്ന ഒരു മെയ്‌തേയ് വിദ്യാർത്ഥി ഇന്ത്യ ടുഡേ നോർത്ത് ഈസ്റ്റിനോട് പറഞ്ഞു. മെയ്‌തേയികൾക്കുളള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മിസോ സ്റ്റുഡന്റ്‌സ് യൂണിയൻ (എംഎസ്യു) മിസോറാമിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മെയ്‌തേയികളുടെ സെൻസസ് നടത്താനുള്ള പദ്ധതി ആരംഭിച്ചു.

മണിപ്പൂർ അക്രമം

മെയ് 3 മുതൽ മണിപ്പൂരിൽ നടക്കുന്ന വംശീയ അക്രമത്തിൽ 160 ലധികം പേർ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പട്ടികവർഗ (എസ്ടി) പദവിക്കായുള്ള ഭൂരിപക്ഷ വിഭാഗമായ മെയ്തേയി സമുദായത്തിന്റെ ആവശ്യത്തെ എതിർത്ത്, മലയോര ജില്ലകളിൽ നടത്തിയ ആദിവാസി ഐക്യദാർഢ്യ മാർച്ചാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്.

മെയ് 4 ന് ഒരു സമുദായത്തിലെ രണ്ട് സ്ത്രീകളെ എതിർവിഭാഗത്തിലുളള ഒരു കൂട്ടം പുരുഷന്മാർ നഗ്‌നരായി നടത്തിക്കുന്നതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇത് രാജ്യമൊട്ടുക്കെ വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സംഭവം മേഖലയിലെ സ്ഥിതി കൂടുതൽ വഷളാക്കുകയും ഉദ്യോഗസ്ഥരിലും പൊതുജനങ്ങളിലും ഒരുപോലെ ആശങ്ക ഉയർത്തുകയും ചെയ്തിരിക്കുകയാണ്. മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനം വരുന്ന മെയ്‌തേയികൾ ഇംഫാൽ താഴ്വരയിലാണ് താമസിക്കുന്നത്. നാഗകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാരായ 40 ശതമാനം, കൂടുതലും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.