ഗ്യാൻവാപി പള്ളിയുടെ കാർബൺ ഡേറ്റിംഗ് നടത്താൻ അനുമതി നൽകി കോടതി

0
80
Varanasi, June 14 (ANI): A view of the Gyanvapi Mosque, in Varanasi on Monday. (ANI Photo)

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി പള്ളിയുടെ കാർബൺ ഡേറ്റിംഗ് നടത്താൻ അനുമതി നൽകി വാരാണസി കോടതി. വിവാദമായ ശിവലിംഗ ഘടന ഒഴികെയുള്ള സമുച്ചയത്തിന്റെ ശാസ്ത്രീയ സർവേ നടത്തുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) നേതൃത്വത്തിലായിരിക്കും.

കേസിൽ ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിൻ, ഗ്യാൻവാപി പള്ളി സമുച്ചയം മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ എഎസ്‌ഐക്ക് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു.

മെയ് മാസത്തിൽ ഹർജിയിൽ വാദം കേൾക്കാൻ കോടതി സമ്മതിച്ചതിന് ശേഷം, ഹിന്ദു പക്ഷം സമർപ്പിച്ച വാദങ്ങൾക്ക് മറുപടി നൽകാൻ ഗ്യാൻവാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുഭാഗവും കേട്ടതിന് ശേഷമാണ് കോടതി ഈ തീരുമാനം എടുത്തത്.

കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി പള്ളി തർക്കം മുഴുവൻ സമുച്ചയത്തിന്റെയും പുരാവസ്‌തു ഗവേഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിൻ കോടതിയിൽ വാദിച്ചു. ഗ്യാൻവാപി സമുച്ചയത്തിന്റെ മൂന്ന് താഴികക്കുടങ്ങളും സമുച്ചയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഭിത്തിയും സമ്പൂർണ്ണ സമുച്ചയവും ശാസ്ത്രീയമായി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപി പള്ളി-കാശി വിശ്വനാഥ് ഇടനാഴിക്കുള്ളിലെ തർക്കത്തിലുള്ള ശിവലിംഗ ഘടനയുടെ കാർബൺ ഡേറ്റിംഗ് നടത്തരുതെന്ന് മെയ് മാസത്തിൽ സുപ്രീം കോടതി എഎസ്‌ഐയോട് പറഞ്ഞിരുന്നു. കെട്ടിടം ‘ശിവലിംഗം’ ആണോ അതോ ജലധാരയാണോ എന്നറിയാൻ ശാസ്ത്രീയ അന്വേഷണത്തിന് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് മരവിപ്പിക്കുകയും ചെയ്‌തിരുന്നു.