ദേശാഭിമാനി മാധവൻകുട്ടിയെ പറഞ്ഞുവിട്ടത് 2015ൽ; സോളാർ ആരോപണം 2016ൽ; എന്നിട്ടും നുണ വിളംബരം

0
122

കുമ്പസാരിച്ചാൽ പാപമോചനം കിട്ടുമെന്നാണ് വെപ്പ്. പക്ഷേ നുണ കുമ്പസാരിച്ചാൽ പാപത്തിന്റെ കാഠിന്യമേറുമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനായ മാധവൻകുട്ടിക്ക് അറിയാത്തതല്ല. സോളാർ കേസുമായി ബന്ധപ്പെട്ട ലൈം​ഗിക ആരോപണങ്ങൾ അടക്കം ഉയരുമ്പോൾ ദേശാഭിമാനിയിൽ കൺസൾട്ടിങ് എഡിറ്റർ സ്ഥാനത്തുണ്ടായിരുന്ന തനിക്ക് ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വാർത്താ ശരങ്ങളെ തടുക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ ഇപ്പോൾ മാപ്പ് പറയുന്നുവെന്നുമാണ് മാധവൻ കുട്ടി പറയുന്നത്. ഇപ്പോഴത്തെ ഈ വെളിപ്പെടുത്തൽ കൈതോലപ്പായ കണക്കെ മാധവൻകുട്ടിക്ക് മടക്കി അട്ടത്തുവെക്കാം.

ഇന്ത്യൻ എക്സ്പ്രസ് വിട്ട മാധവൻ കുട്ടി ദേശാഭിമാനിയിലെത്തുന്നത് 2010ലാണ്. തുട‌ർന്ന് അഞ്ച് വർഷത്തോളം മാധവൻകുട്ടി ദേശാഭിമാനിയിലെ കൺസൾട്ടിങ് എഡിറ്ററായി തുടർന്നു. 2015 ഡിസംബർ 31ന് ഇദ്ദേഹത്തെ ദേശാഭിമാനിയിൽ നിന്നും പുറത്താക്കുകയാണുണ്ടായത്. 2016 ഏപ്രിൽ മൂന്നിന് സരിത ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ദേശാഭിമാനിയിൽ മാത്രമല്ല എല്ലാ പ്രമുഖ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴും ദേശാഭിമാനി ഈ വിഷയത്തിൽ മിതത്വം പാലിച്ചിരുന്നുവെന്ന് ഈ വിഷയം കൈകാര്യം ചെയ്ത ദേശാഭിമാനിയിലെ ലേഖകന്മാർ പറയുമ്പോൾ മാധവൻകുട്ടി നുണ പറയുകയാണെന്ന് അടിവരയിട്ടു പറയേണ്ടിവരും. അല്ലെങ്കിൽ തെളിവ് സഹിതം മാധവൻകുട്ടി പുറത്തുവിടട്ടെ.

“സരിത വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.” എന്നാണ് മാധവൻ കുട്ടിയുടെ വാക്കുകൾ. മാധവൻ കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ഇപ്പോൾ മനസാക്ഷി ഉണർന്നതുകൊണ്ടാണത്രേ മാപ്പ് പറഞ്ഞത്. ഈ നുണ പറച്ചിൽ മാധവൻ കുട്ടിയുടെ തൊലിക്കട്ടിയെ ബാധിക്കുന്നതേയില്ല. വസ്തുത ചൂണ്ടിക്കാട്ടപ്പെട്ടിട്ടും മാധവൻകുട്ടി മൗനത്തിലാണ്.

ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഇരയായ സ്ത്രീ തന്നെയാണ്. അതിൽ ദേശാഭിമാനിക്കുള്ള പങ്ക് എന്താണ് എന്ന് മാധവൻകുട്ടി വ്യക്തമാക്കണമെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെ ആളുകൾ ചോദിക്കുന്നുണ്ട്. കോയമ്പത്തൂരിൽ സിഡി തപ്പാൻ പോയ സംഘത്തിന്റെ മുൻ നിരയിൽ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളാണ് ഉണ്ടായിരുന്നത് എന്ന വസ്തുത ഈ ഘട്ടത്തിൽ ഓർമ്മിക്കേണ്ടതാണ്. ദേശാഭിമാനിയും കൈരളിയുമല്ല അതിന് നേതൃത്വം വഹിച്ചത്.

ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് സിപിഐഎം അണികൾ പോലും രം​ഗത്തു വരികയാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പാർട്ടി ഭേദമന്യേ ജനങ്ങൾ ദുഃഖിക്കുമ്പോൾ മാധവൻകുട്ടിക്ക് ഉമ്മൻ ചാണ്ടിയുടെ മരണം ഫേസ്ബുക്ക് റീച്ച് കൂട്ടാനുള്ള വെറും ആയുധം മാത്രമാണ് എന്ന് മനസിലാക്കേണ്ടിവരും. തനിക്കു പറ്റിയ പിശക് തുറന്നുപറയാൻ മാധവൻകുട്ടിക്ക് ഇനിയും സമയമുണ്ട്. അതിനുള്ള ആർജവമാണ് മാധവൻകുട്ടി ഇനി കാണിക്കേണ്ടത്.