ഐ.എൽ.ഒ പ്രതിനിധി നോർക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി

0
97

ഇന്റർനാഷണൽ ലേബർ ഓർഗ്ഗനൈസേഷൻ (ഐ.എൽ.ഒ) പ്രതിനിധി ഡിനോ കോറൈൽ നോർക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഐ.എൽ.ഒ യുടെ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതലവഹിക്കുന്ന ടീമിലെ ലേബർ മൈഗ്രേഷൻ സ്പെഷലിസ്റ്റാണ് ഡിനോ കോറൈൽ.

ആഗോള തൊഴിൽ രംഗത്തെ സാധ്യതകളെ പ്രയോജനപ്പെടുത്തി സുരക്ഷിതമായ തൊഴിൽ കുടിയേറ്റം യാഥാർത്ഥ്യമാക്കാൻ യോജിച്ച പ്രവർത്തനങ്ങൾക്കുള്ള സാധ്യത കണ്ടെത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ആഗോള കുടിയേറ്റ മേഖലയിൽ നിലനിൽക്കുന്ന സാധ്യതകളും വെല്ലുവിളികളും, ഒരു സുരക്ഷിത മൈഗ്രേഷൻ സെന്റർ എന്ന നിലയിൽ നോർക്കയ്ക്കുള്ള സവിശേഷതകൾ, നോർക്ക റൂട്ട്സ് നടപ്പിലാക്കി വരുന്ന പ്രവാസി ക്ഷേമപദ്ധതികൾ, റിക്രൂട്ട്മെന്റ് നടപടികൾ, വിദേശഭാഷാപഠന ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ സംബന്ധിച്ച് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി വിശദീകരിച്ചു. വിദേശ തൊഴിൽ തട്ടിപ്പുകളിൽ വീഴാതെ നിയമപരമായ തൊയിൽ കുടിയേറ്റത്തിന് ഐ.എൽ.ഒ യുമായി ഏതൊക്കെ മേഖലകളിൽ സഹകരിക്കാം എന്ന വിഷയത്തിലും ചർച്ച നടന്നു. നോർക്ക ആരംഭിക്കാൻ പോകുന്ന പുതിയ പദ്ധതികളേയും പരിചയപ്പെടുത്തി.

പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് വിവിധ തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടുന്നതിനായി ഐ.എൽ.ഒ യുടെ സഹായം ലഭ്യമാക്കുന്നതും സംബന്ധിച്ചും വിലയിരുത്തി.

ആരോഗ്യമേഖലയ്ക്ക് പുറമേ കൂടുതൽ മേഖലകളിലേയ്ക്കുളള വിദേശതൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും നിയമപരമായ കുടിയേറ്റത്തിനായുളള ശ്രമങ്ങൾക്കും കൂടിക്കാഴ്ച സഹായകരമായെന്ന് കെ.ഹരികൃഷ്ണൻ നമ്പൂതിരി പ്രതികരിച്ചു. നോർക്ക അധികൃതരമായി നടന്ന കൂടിക്കാഴ്ച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളിലും നിർദ്ദേശങ്ങളിലും മേൽ ഐ.എൽ. ഒ – യിലെ സഹപ്രവർത്തകരുമായി ലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡിനോ കോറൈൽ ഉറപ്പ് നൽകി.

തിരുവനന്തപുരം നോർക്ക സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ യ്ക്ക് പുറമേ റിക്രൂട്ട്മെന്റ് മാനേജർ ശ്യാം .ടി.കെ., സെക്ഷൻ ഓഫീസർമാരായ ബിപിൻ, ജെൻഷർ എന്നിവരും സംബന്ധിച്ചു.