30 പേര്‍ കയറേണ്ട ബോട്ടില്‍ 62 പേര്‍; മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മകന്റെ ബോട്ട് പിടിയിൽ

0
86

പുന്നമടക്കായലില്‍ അമിതമായി ആളുകളെ കയറ്റി സര്‍വീസ് നടത്തിയ മോട്ടോര്‍ ബോട്ട് പിടിച്ചെടുത്തു. 30 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ കുട്ടികള്‍ ഉള്‍പ്പെടെ 62 പേരെ കയറ്റിയാണ് യാത്ര ചെയ്തത്. തുറമുഖ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ എബനേസര്‍ എന്ന ബോട്ട് പിടികൂടുകയായിരുന്നു. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ മകന്‍ ടോബിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത ബോട്ട്.

വിനോദ സഞ്ചാരികളുമായി പുന്നമടക്കലില്‍ അനധികൃതമായി ആളുകളെക്കയറ്റി ബോട്ട് സര്‍വീസ് നടത്തുകയായിരുന്നു ജീവനക്കാര്‍. ബോട്ടിനുള്ളില്‍ 20 പേര്‍ക്കും അപ്പര്‍ ഡക്കില്‍ 10 പേര്‍ക്കും ഇരിക്കാന്‍ അനുവാദമുള്ള ബോട്ടാണിത്. എന്നാല്‍ അപ്പര്‍ ഡക്കില്‍ത്തന്നെ മുപ്പതിലധികം പേരുണ്ടായിരുന്നു. പുന്നമടയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്.

പിടിച്ചെടുത്ത ബോട്ട് തുറമുഖ വകുപ്പിന്റെ ആര്യാട് യാര്‍ഡിലേക്ക് മാറ്റി. രാജീവ് ജെട്ടി ഭാഗത്തു നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തി ബോട്ട് സര്‍വീസ് നടത്തുന്നതായി മനസ്സിലായത്. ഉടന്‍തന്നെ ബോട്ട് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. തുറമുഖ ഉദ്യോഗസ്ഥരും ടൂറിസം പോലീസും ചേര്‍ന്ന് ആലപ്പുഴയില്‍ നിയമലംഘനം നടത്തി സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്.