പൊലീസ്​ ജീപ്പ്​ ഇടിച്ച്​ യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

0
12

പുതുവത്സരദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ സ്​കൂട്ടറിലടിച്ച്​ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ്​ ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ്​ (32)​ നോർത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. മനഃപൂർവമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ്​ അറസ്റ്റ്​.

നിയന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ ഇടിച്ചാണ്​ ബന്ധുക്കളായ രണ്ടു പേർ മരിച്ചത്. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ്​ വീട്ടിലേക്ക്​ സ്കൂട്ടറിൽ മടങ്ങിയ കോട്ടയം വേളൂർ ചുങ്കത്ത്​ മുപ്പത്​ അകംപാടം എഡ്വേർഡിന്‍റെ മകൻ ജസ്​റ്റിൻ​ (അനിയച്ചൻ -38), കുമരകം പുത്തൻറോഡ്​ നാലുകണ്ടം ജൂലിയാമ്മയുടെ മകൻ ആഷിക്​ എഡ്വേർഡ്​ അലക്സ്​ (വാവച്ചി -20) എന്നിവരാണ്​ മരിച്ചത്​. ജസ്​റ്റിന്‍റെ അമ്മയുടെ സഹോദരിയുടെ മകനാണ്​ ആഷിക്​. ​

ഞായറാഴ്ച പുലർച്ച 3.30ന് ആലപ്പുഴ-മുഹമ്മ റോഡിൽ തലവടി ജംക്‌ഷന്​ സമീപമായിരുന്നു അപകടം. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്​പിയുടെ ജീപ്പാണ്​ അപകടത്തിൽപെട്ടത്​. ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ്​ ഡിവൈഎസ്പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത്​ എത്തിച്ചശേഷം തണ്ണീർമുക്കം വഴി ആലപ്പുഴയിലേക്ക്​ മടങ്ങവെ നിയ​ന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ ജസ്റ്റിനും അലക്സും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

തെറ്റായദിശയിലൂടെ എത്തിയ ജീപ്പ്​ ബ്രേക്കിട്ടത്തിന്‍റെ അടയാളങ്ങളും റോഡിലുണ്ട്​. ​പൊലീസ്​ ജീപ്പിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്​. ഇയാൾ ഉറങ്ങിപ്പോയതാണ്​ അപകടകാരണമെന്നാണ്​​ പ്രാഥമികനിഗമനം. ഇടിയുടെ ആഘാതത്തിൽ സമീപത്തെ റോഡരികിലെ വീടിന്‍റെ മതിലും തകർന്നു. ആര്യാട് മുൻ പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ്​ നേതാവുമായ അഡ്വ.എം.രവീ​​ന്ദ്രദാസിന്‍റെ വീടിന്‍റെ മതിലാണ്​ തകർന്നത്​.