ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

0
61

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സിൽ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഏഴാം വിക്കറ്റിൽ അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശ്രേയസ് അയ്യരും രവിചന്ദ്രൻ അശ്വിനുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.

അവസാന ദിനം കളി ആരംഭിക്കുമ്പോള്‍ ആറ് വിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്ന ഇന്ത്യക്ക് ജയം നൂറ് റണ്‍സ് അകലെയായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും മെഹിദി ഹസൻ മിറാജും ചേർന്ന് മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തിയപ്പോൾ ഇന്ത്യ തോൽക്കുമെന്ന് തോന്നിയെങ്കിലും ശ്രേയസ് അയ്യരും രവിചന്ദ്രൻ അശ്വിനും ചേർന്ന് ടീമിനെ കരകയറ്റി. അർധസെഞ്ചുറി കൂട്ടുകെട്ട് പങ്കിട്ടാണ് ഇരുവരും ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

അശ്വിൻ 62 പന്തിൽ ഒരു സിക്സും നാലു ഫോറും അടക്കം 42 റൺസെടുത്തു. അയ്യർ 46 പന്തിൽ 29 റൺസെടുത്തു. 16 പന്തിൽ 13 റൺസെടുത്ത ജയ്ദേവ് ഉനദ്കടിന്‍റെ വിക്കറ്റാണ് നാലാംദിനം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ശുഭ്മൻ ഗിൽ (ഏഴ്), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (രണ്ട്), ചേതേശ്വർ പൂജാര (ആറ്), വിരാട് കോലി (ഒന്ന്), ഋഷഭ് പന്ത് (ഒൻപത്) എന്നിവർ ബംഗ്ലദേശ് ബോളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ രണ്ടക്കം കടക്കാതെ മടങ്ങി. ബംഗ്ലദേശിനായി മെഹ്ദി ഹസൻ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.

ആദ്യ മത്സരം ഇന്ത്യ 188 റൺസിന് വിജയിച്ചിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.