കൊവിഡ് ഭീതിക്കിടയിൽ രാജ്യവ്യാപക മോക്ക് ഡ്രില്ലിന് കേന്ദ്ര നിർദ്ദേശം

0
27

വിവിധ രാജ്യങ്ങളിൽ കൊവിഡ് അണുബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഡിസംബർ 27 ന് രാജ്യത്തുടനീളമുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. കൊവിഡ് നേരിടാൻ ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുക എന്നതാണ് മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം.

ജില്ലാ കല‌ക്ടറുടെ മേൽനോട്ടത്തിലായിരിക്കണം ആരോഗ്യ വകുപ്പ് മോക്ക് ഡ്രിൽ നടത്തേണ്ടതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. സംസ്ഥാനങ്ങളിലെ ഐസലേഷൻ വാർഡുകൾ, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ തുടങ്ങിയവയുടെ ലഭ്യത ഇതിലൂടെ പരിശോധിക്കും. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കൊവിഡ് സാഹചര്യം നേരിടാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ, കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്ക്, പിപിഇ കിറ്റ് തുടങ്ങി ഉറപ്പാക്കാനും മോക്ക് ഡ്രിൽ ലക്ഷ്യമിടുന്നു. RT-PCR, RAT കിറ്റുകളുടെ ടെസ്റ്റിംഗ് ശേഷിയും ലഭ്യതയും വർദ്ധിപ്പിക്കുക, ടെസ്റ്റിംഗ് ഉപകരണങ്ങളുടെയും റിയാക്ടറുകളുടെയും ലഭ്യത എന്നിവയും ശ്രദ്ധ കേന്ദ്രീകരിക്കും.