കാറിലെ കൂട്ടബലാത്സം​ഗം; മോഡലിന് ലഹരിമരുന്ന് കൊടുത്തോ എന്നത് അറിയാൻ ശാസ്ത്രീയ പരിശോധന

0
64

കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സം​ഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കമ്മിഷണർ അറിയിച്ചു. മോഡലിന് ലഹരിമരുന്ന് കൊടുത്തോ എന്നത് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. ഇരയുടെ സുഹൃത്ത് തന്നെയാണ് പീഡനത്തിന് ഒത്താശ ചെയ്തത്. ബലാത്സംഗ കേസുകളില്‍ ലഹരി സാന്നിധ്യം കൂടുതലായി കാണുന്നത് അപകടകരമാണ്. പ്രതികളും ഇരയും സുഹൃത്തുക്കളായിരുന്നോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്. ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കമ്മിഷണർ വ്യക്തമാക്കി.

രാത്രികാലങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും മദ്യപിച്ചിരുന്നു എന്നതുകൊണ്ട് സ്ത്രീകൾക്കെതിരെ അക്രമം നടത്താൻ പാടില്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നോ എന്ന കാര്യത്തിൽ ആശങ്ക ഉയരുന്നുണ്ട്. കേസിൽ പൊലീസ് കൃത്യമായ ഇടപെടലാണ് നടത്തിയത്. സ്ത്രീകൾക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല എന്നത് വലിയ പ്രശ്നമാണ്. തിരക്കേറിയ പ്രദേശത്ത് പോലും സ്ത്രീകൾ സുരക്ഷിതയല്ല എന്നത് കേരളത്തിന് നല്ലതല്ല. പൊലീസ് സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ പരിഹാര മാർഗം. തിരക്കേറിയ നഗരങ്ങളിൽ സിസിടിവി കാമറ സ്ഥാപിക്കും. ഡിജെ പാർട്ടികൾ അഴിഞ്ഞാട്ടം നടക്കുന്ന രൂപത്തിലേക്ക് മാറുന്നുത് അപകടകരമാണ്. സ്ത്രീയോടുള്ള പൊതു സമൂഹത്തിൻ്റെ സമീപനമാണ് മാറേണ്ടതെന്നും പി. സതീദേവി വ്യക്തമാക്കി.

കൊച്ചിയിൽ ഓടുന്ന കാറിൽ മോഡൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുണ്ടായിരുന്നു. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്നാണ് പീഡനത്തിന് ഇരയായ യുവതി പറയുന്നത്. ബിയറിൽ എന്തൊ പൊടി ചേർത്തതായി സംശയമുണ്ടെന്നും അവശയായ ഡോളി തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞെന്നും അവർ വെളിപ്പെടുത്തുന്നു.
വാഹനത്തിൽ സഞ്ചരിക്കവെയാണ് മൂവരും ചേർന്ന് ക്രൂരമായി തന്നെ പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും.
പീഡനത്തിന് ശേഷം തന്നെ ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വച്ച് പ്രതികരിക്കാൻ ഭയമായിരുന്നു.- കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി വ്യക്തമാക്കുന്നു.

കൊച്ചിയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. പെൺകുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്.

കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മോഡലിനെ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മോഡൽ. രാത്രി ബാറിൽ വച്ച് മദ്യപിച്ച് മോഡൽ കുഴഞ്ഞു വീണിരുന്നു. പുലർച്ചെ മോഡൽ മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മദ്യ ലഹരിയിലാണ് പ്രതികൾ മോഡലിനെ ബലാത്സംഗം ചെയ്തത്. പബ്ബിൽ പ്രതികൾ നൽകിയത് വ്യാജ വിലാസമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.