“സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു, ഗവർണർ അതിന്റെ ചട്ടുകം ആകരുത്”; വി ശിവൻകുട്ടി

0
24

ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേകരുടെ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. പാകിസ്ഥാൻ പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി പ്രവർത്തിച്ച സിപി രാമസ്വാമി അയ്യരെയാണ് ബിജെപിയുടെ ദേശീയ നേതാവ് ഇപ്പോൾ വെളുപ്പിച്ചെടുക്കാൻ ശ്രമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ഇത്തരത്തിൽ നടക്കുന്ന ശ്രമങ്ങളുടെ ചട്ടുകം ആകരുതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഗവർണറെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനം നൽകുന്നുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ബിജെപി ദേശീയ നേതാവും കേരള പ്രഭാരിയുമായ ശ്രീ. പ്രകാശ് ജാവദേകർ തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി സർക്കാരിനെയും സിപിഐഎമ്മിനെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും എന്നെയും വിമർശിച്ചതായി അറിയുക ഉണ്ടായി. സംസ്ഥാന സർക്കാർ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഗവർണർ അതിന്റെ ചട്ടുകം ആകരുത് എന്നാണ് പറയാനുള്ളത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾ തിരഞ്ഞെടുത്തവരാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. മുഖ്യമന്ത്രി സംസാരിക്കുന്നത് തീവ്രവാദിയുടെ ഭാഷയിലാണെന്നാണ് ബഹുമാനപ്പെട്ട ഗവർണറുടെ ആക്ഷേപം. മുഖ്യമന്ത്രിക്ക് എന്നും തുണ അക്രമം ആണെന്നാണ് മറ്റൊരു പരാമർശം. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിലൂടെ അവഹേളിക്കുന്നത് അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളെയാണ്. ഞാൻ ഒരു വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി തിരുവിതാംകൂർ ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരെ കുറിച്ച് പറയുകയുണ്ടായി. അത് ഒരു ഏകാധിപതിയുടെ ചരിത്രം ഓർമ്മിപ്പിച്ചതാണ്.

സിപി രാമസ്വാമി അയ്യർ മഹാനായ ഭരണാധികാരി ആണെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടം വന്നപ്പോൾ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി ഒരു രാജ്യമാക്കി നിർത്താൻ ആയിരുന്നു സിപി രാമസ്വാമി അയ്യരുടെ ശ്രമം. സിപി രാമസ്വാമി അയ്യരുടെ നീക്കങ്ങൾക്ക് പാകിസ്താന്റെ പിന്തുണയുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്. പാകിസ്ഥാൻ പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി പ്രവർത്തിച്ച സിപി രാമസ്വാമി അയ്യരെയാണ് ബിജെപിയുടെ ദേശീയ നേതാവ് ഇപ്പോൾ വെളുപ്പിച്ചെടുക്കാൻ ശ്രമം നടത്തുന്നത്. ഗവർണറെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനം നൽകുന്നുമുണ്ട്.