അഡ്മിറ്റാകാന്‍ പറഞ്ഞു; വനിതാ ഡോക്ടറെ രോഗി തല്ലി

0
115

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗി തല്ലി. മണക്കാട് സ്വദേശി വസീര്‍ (25) ആണ് ഡോക്ടറായ ശോഭയെ മര്‍ദ്ദിച്ചത്. ഇയാളെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂത്രത്തില്‍ കല്ലിന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു വസീര്‍. അഡ്മിറ്റാകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. ഡോക്ടറുടെ കയ്യിലാണ് മര്‍ദ്ദനമേറ്റത്.

നേരത്തെ കൊല്ലം ജില്ലാ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാർ ആക്രമിച്ചിരുന്നു. രോഗികൾക്ക് മാത്രമുള്ള ലിഫ്റ്റിൽ കയറാൻ അനുവദിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ഒ.പി നിർത്തി വെച്ച് പ്രതിഷേധിച്ചു. ജീവനക്കാരനെ മർദ്ദിച്ച പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

കഴിഞ്ഞ ദിവസം കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയുടെ കൂട്ടിരിപ്പുകാരാണ് ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്ററായ വേണുഗോപാലൻ നായരെ മർദ്ദിച്ചത്. രോഗികൾക്ക് മാത്രമായുള്ള ലിഫ്റ്റിൽ കൂട്ടിരിപ്പുകാരെ കയറ്റാഞ്ഞതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് മർദ്ദനമേറ്റ വേണുഗോപാലൻ നായർ പറഞ്ഞു.

വനിതാ ജീവനക്കാരുൾപ്പടെ മോശമായ പെരുമാറ്റമാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഭാഗത്തു നിന്നും തുടർച്ചയായി നേരിടുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി പോലീസ് സ്വീകരിക്കണമെന്നും എച്ച് എം സി യൂണിയൻ സെക്രട്ടറി ഷാജി പ്രതികരിച്ചു.