വി മുരളീധരന്റെ വാദം തെറ്റ്; മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിന് വിദേശകാര്യ വകുപ്പിന്റെ ക്ലിയറൻസ് ലഭിച്ചിരുന്നു; രേഖ പുറത്ത്

0
75

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ വകുപ്പ് നൽകിയ അനുമതി സംബന്ധിച്ച് വി മുരളീധരൻ നടത്തിയ പ്രസ്താവന തീർത്തും തെറ്റ്. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവന. എന്നാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ക്ലീയറൻസിനായി നൽകിയ അപേക്ഷയിൽ നോർവേ, യുകെ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ യുഎഇ സന്ദർശിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷയിക്ക് കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ക്ലിയറൻസും ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം 2022 ഒക്‌ടോബർ 4 മുതൽ 12 വരെ നോർവേ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നു എന്നും മടക്കയാത്രയിൽ യുഎഇയിൽ വ്യക്തിപരമായ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നു എന്നും യാത്ര ക്ലിയറൻസിനായി നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ, മകൾ, ചെറുമകൻ, പി എ എന്നിവരുമുണ്ടാകുമെന്നും ഇതിൽ വ്യക്തമാണ്.

ഈ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് തെറ്റിധാരണ പടർത്തുവിധം വി മുരളീധരൻ പ്രസ്താവനയിറക്കിയത്. യാത്രയെ സംശയത്തിന്റെ നിഴലിലാക്കാനുള്ള നീക്കമായിരുന്നു മന്ത്രിയുടേത്. ദുബായ് എന്ന് പ്രത്യേകം പരാമർശനം നടത്തുകയായിരുന്നു മുരളീധരൻ. മുരളീധരന്റെ പ്രസ്താവനയിലെ രാഷ്ട്രീയ ​ഗുഢാലോചന വ്യക്തമാണെന്നും സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാത്ത ഇയാൾ എന്ത് മന്ത്രിയാണെന്നും വിമർശനം ഉണ്ടാകുന്നുണ്ട്.