ഷാങ്ഹായി സഹകരണ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് പോകും

0
93

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ഉസ്ബെക്കിസ്ഥാനിലേക്ക് പോകും. നരേന്ദ്രമോദി, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തുമോയെന്നത് സ്ഥിരീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ഖ്വാത്ര തയ്യാറായില്ല. ചില നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും ആരൊക്കെയെന്നത് പിന്നീട് അറിയിക്കാമെന്നും വിദേശകാര്യസെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യ ചൈന അതിർത്തിയിലെ ഗോഗ്ര ഹോട്ട്സ്പ്രിംഗ്സ് മേഖലയിൽ നിന്നുള്ള സേന പിൻമാറ്റത്തിനു ശേഷമുള്ള സ്ഥിതി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വിലയിരുത്തി. കൂടിക്കാഴ്ച നടന്നാൽ രണ്ടായിരത്തി ഇരുപതിന് മുമ്പുള്ള സാഹചര്യം യഥാർത്ഥ നിയന്ത്രണരേഖയിൽ പുനസ്ഥാപിക്കണം എന്ന നിർദ്ദേശം നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കും. ചൈനീസ് ആപ്പുകൾക്കും കമ്പനികൾക്കും എതിരായി ഇന്ത്യയുടെ നടപടി ഷി ജിൻപിങ് ഉന്നയിക്കുമെന്ന സൂചനയാണ് ചൈനീസ് മാധ്യങ്ങൾ നല്കുന്നത്.

രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ഇരുപത് വർഷത്തോളം നീണ്ട എസ്‍സിഒ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവ‍ർത്തനങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ രാജ്യ തലവൻമാരുമായി നയതന്ത്രതല ചർച്ച നടത്തുകയും ചെയ്യും. റഷ്യയുമായി വ്യാപാരം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടക്കമുള്ള വിഷയങ്ങളിൽ മോദി ചർച്ച നടത്തും. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകൾ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തിൽ അറിയിപ്പുണ്ടായിട്ടില്ല.