ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഏറ്റവും വലിയ മതഭ്രാന്തന്മാരെന്ന് ഗുജറാത്ത് ഗവർണർ

0
86

ഗുജറാത്തിലെ നർമദയിൽ വച്ച്‌ നടന്ന ഒരു സെമിനാറിൽ സംസാരിക്കവെ ഗവർണർ നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. ജയ് ഗോ മാതാ’ എന്ന വിളി പോലും സ്വാർഥത കൊണ്ടാണെന്ന് ആചാര്യ ദേവവ്രത് പറഞ്ഞു.

ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഏറ്റവും വലിയ മതഭ്രാന്തന്മാരെന്ന ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിൻറെ പ്രസ്‌താവന വിവാദത്തിൽ. ഗവർണറുടെ പ്രസ്‌താവനയ്‌ക്കെതിരെ ബിജെപിയിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നതായി വിവരമുണ്ട്. ബുധനാഴ്‌ച നർമദയിലെ പൊയ്‌ച്ച ഗ്രാമത്തിൽ ‘പ്രകൃതിയുടെ മടിത്തട്ടിൽ ജൈവകൃഷി’ എന്ന സെമിനാറിൽ സംസാരിക്കവെയായിരുന്നു ഗവർണറുടെ പ്രസ്‌താവന.

“ആളുകൾ ‘ജയ് ഗോ മാത’ എന്ന് വിളിക്കുന്നു. പക്ഷേ, പശു പാൽ തരുന്ന കാലയളവ് വരെ മാത്രമാണ് തൊഴുത്തിൽ കെട്ടിയിടുന്നത്. പാൽ നൽകുന്നത് നിർത്തിയാൽ അവർ പശുക്കളെ റോഡിൽ തള്ളുന്നു. അതുകൊണ്ടാണ് ഞാൻ ഹിന്ദുക്കളെ നമ്ബർ വൺ മതഭ്രാന്തന്മാരെന്ന് പറയുന്നത്.

ഹിന്ദു മതവും പശുവും പരസ്‌പരം ബന്ധപ്പെട്ടതാണ്. എന്നാൽ, ഇവിടെ ആളുകൾ ‘ജയ് ഗോ മാതാ’ എന്നുവിളിക്കുന്നത് സ്വാർഥത കൊണ്ടുമാത്രമാണ്”- ഗുജറാത്തിലെ രണ്ട് പ്രമുഖ പത്രങ്ങളെ ഉദ്ദരിച്ച്‌ ഗവർണർ ആചാര്യ ദേവവ്രത് പറഞ്ഞു. ജൈവ കൃഷിയിലേക്ക് തിരിയുകയാണെങ്കിൽ ദൈവം സന്തുഷ്‌ടനായിരിക്കുമെന്നും ഗവർണർ പറഞ്ഞു.

“ആളുകൾ ദൈവത്തോട് പ്രാർഥിക്കാൻ ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവ സന്ദർശിക്കുന്നു. അങ്ങനെ ദൈവം അവരെ അനുഗ്രഹിക്കും. എന്നാൽ, നിങ്ങൾ ജൈവ കൃഷിയിലേക്ക് തിരിയുകയാണെങ്കിൽ ദൈവം നിങ്ങളിൽ സ്വയമേവെ സന്തുഷ്‌ടനായി തീരും.

ഞാൻ ശാസ്‌ത്രീയ തെളിവുകൾ സഹിതം പറയുന്നു, രാസവളം ഉപയോഗിക്കുന്നത് കന്നുകാലികളെ കൊന്നൊടുക്കാൻ കാരണമാവും. നിങ്ങൾ ജൈവ കൃഷിയിലേക്ക് പോവുകയാണെങ്കിൽ പുതുജീവൻ സൃഷ്‌ടിക്കാൻ കഴിയും”- ഗുജറാത്ത് ഗവർണർ അഭിപ്രായപ്പെട്ടു.