രാജസ്ഥാനിൽ ഒന്നാം വയസ്സിൽ വിവാഹത്തിനിരയാക്കപ്പെട്ട പെൺകുട്ടിക്ക് 21-ാം വയസ്സിൽ വിവാഹ മോചനം

0
98

ഒന്നാം വയസ്സിൽ മതാചാരങ്ങളുടെ പേരിൽ വിവാഹത്തിനിരയാക്കപ്പെട്ട പെൺകുട്ടിക്ക് 21-ാം വയസ്സിൽ വിവാഹ മോചനം നൽകി രാജസ്ഥാനിലെ കുടുംബ കോടതി. വിവാഹ ജീവിതം ആരംഭിക്കുന്നതിന് കുടുംബം സമ്മർദ്ദം ചെലുത്തിയപ്പോൾ പെൺകുട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

വ്യാഴാഴ്ച കുടുംബകോടതിയുടെ പ്രിസൈഡിങ് ഒഫീസർ പ്രദീപ് കുമാർ മോദിയാണ് വിവാഹം റദ്ദാക്കി ഉത്തരവിട്ടത്. മുത്തച്ഛൻറെ മരണശേഷം പെൺകുട്ടിക്ക് ഒരു വയസുമാത്രം പ്രായമുള്ളപ്പോഴായിരുന്നു ഗ്രാമത്തിലെ ആൺകുട്ടിയുമായി വിവാഹം നടത്തിയത്.

കുറച്ച്‌ വർഷങ്ങൾക്ക് മുമ്ബ് വിവാഹചടങ്ങ് പൂർത്തിയാക്കണമെന്ന് ബന്ധുക്കൾ പെൺകുട്ടിയെ നിർബന്ധിച്ചു. എന്നാൽ നഴ്സ് ആകണമെന്ന് ആഗ്രഹമുള്ള പെൺകുട്ടി തൻറെ സ്വപ്നങ്ങൾക്ക് ബന്ധുക്കൾ തടസ്സം നിൽക്കുന്നുവെന്നാരോപിച്ച്‌ കുടുംബ കോടതിയെ സമീപിച്ചു. പെൺകുട്ടി വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെ ജാതി പഞ്ചായത്ത് കൂടി അവരുടെ ബന്ധുക്കൾ പത്ത് ലക്ഷം രൂപ പിഴ നൽകണമെന്ന് ഉത്തരവിട്ടു.

ശൈശവവിവാഹമെന്ന ദുരാചാരം ഇതുവരെ തുടച്ചുനീക്കപ്പെട്ടിട്ടില്ലെന്നും എല്ലാവരും ഒന്നിച്ച്‌ ഇതിനെ ഇല്ലാതാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

കോടതി ഉത്തരവിന് പിന്നാലെ വിധിക്ക് നന്ദി പറഞ്ഞ് യുവതി രംഗത്തെത്തി. ഒരു നഴ്സ് ആകണമെന്നാണ് തൻറെ സ്വപ്നമെന്നും ഇനി മുതൽ അതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു. “ഇന്ന് എൻറെ ജന്മദിനമാണ്. എനിക്ക് 21 വയസ്സായിരിക്കുന്നു. ഈ വിധി എനിക്കും എൻറെ കുടുംബത്തിനും ലഭിച്ച പിറന്നാൾ സമ്മാനമായി ഞാൻ കാണുന്നു”- പെൺകുട്ടി പറഞ്ഞു.