ഡാർക് വെബ് വഴിയുള്ള അനധികൃത വ്യാപാരം കേരളത്തിൽ വേരുപിടിച്ചതായി റിപ്പോർട്ട്

0
49

ഡിജിറ്റൽ ഹവാല ഇടപാടിനൊപ്പം ഇന്റർനെറ്റ് അധോലോകമായ ഡാർക് വെബ് വഴിയുള്ള അനധികൃത വ്യാപാരവും കേരളത്തിൽ വേരുപിടിച്ചതായി കേന്ദ്ര ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) റിപ്പോർട്ട് ചെയ്തു. ലഹരിമരുന്ന്, ആയുധം, സ്വർണം, പോണോഗ്രഫി, ഓൺലൈൻ ചൂതാട്ടം എന്നിവയ്ക്കു പുറമേ വൻകിട ഫാഷൻ ഉൽപന്നങ്ങളുടെ വിപണനത്തിലും ഡാർക് വെബ് വഴിയുള്ള നിയമവിരുദ്ധ ഇടപാടുകൾ കേരളത്തിൽ സജീവമായിട്ടുണ്ട്. ഡാർക് വെബിൽ മാത്രം ലഭിക്കുന്ന സിനിമകളും പുസ്തകങ്ങളും ഇപ്പോൾ നിർമിക്കുന്നുണ്ട്. കോടികളുടെ നികുതിവെട്ടിപ്പിനു പുറമേ നിരോധിത ഉൽപന്നങ്ങളുടെ ലഭ്യതയും ഇതോടെ വർധിച്ചു.

കേരളത്തിൽ കള്ളത്തോക്കുള്ളവരുടെ എണ്ണം പെരുകിയതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ആയുധവിൽപനശാലകളിൽ നിന്നല്ല തോക്കുകളുടെ വിൽപന നടക്കുന്നത്. ഉയർന്ന പ്രഹരശേഷിയുള്ള തോക്കുകളും ഡൈനമൈറ്റും ഡാർക് ‌വെബിൽ വിൽപനയ്ക്കുണ്ട്. കള്ളപ്പണം ക്രിപ്റ്റോ കറൻസിയാക്കി കൈമാറാൻ തുടങ്ങിയതോടെയാണ് ഡിജിറ്റൽ പണം ഉപയോഗിച്ചുള്ള ഡാർക് വെബ് ഇടപാടുകളിലേക്കു കൂടുതൽ പേർ ആകർഷിക്കപ്പെട്ടത്.

ലോകത്ത് എവിടെയും അതതു ദിവസത്തെ യുഎസ് ഡോളറിന്റെ മൂല്യത്തിൽ കൈമാറ്റം സാധ്യമാക്കുന്ന ‘യുഎസ്ഡിടി’ ക്രിപ്റ്റോ കറൻസി വഴിയുള്ള വിനിമയമാണു ഡിജിറ്റൽ ഹവാല റാക്കറ്റ് പ്രോത്സാഹിപ്പിക്കുന്നത്. യുഎസ് ഡോളറിനു തുല്യമായ മൂല്യം ഓരോ ദിവസവും ഉറപ്പാക്കുന്നതാണു യുഎസ്ഡിടിയുടെ സ്വീകാര്യതയ്ക്കു കാരണം. കേരളത്തിനു പുറമേ മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഡിജിറ്റൽ ഹവാല റാക്കറ്റിന്റെ സാന്നിധ്യമുണ്ട്.