കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ഓണം അവധിക്ക് ആരംഭിക്കും

0
73

ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസ് ഉല റെയിലും സംയുക്തമായ പ്രവർത്തിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ഓണം അവധിക്ക് ആരംഭിക്കും. വിജയകരമായി പ്രവർത്തനം തുടരുന്ന ഉലറെയിൽ കേരളത്തിലെ വിനോദസഞ്ചാരികൾക്ക് ഈ അവധിക്കാലത്ത് മികച്ച യാത്രാനുഭവം നൽകുക ലക്ഷ്യമിട്ടാണ് ഓണം അവധി സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനുമായെത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് വഴിയുള്ള യാത്ര സെപ്തംബർ രണ്ടിന് ആരംഭിക്കും. മൈസൂർ-ഹമ്പി-ഹൈദരാബാദ്-റാമോജി-ഔറംഗാബാദ്‌-എല്ലോറ-അജന്ത-സ്റ്റാച്യൂ ഓഫ് യൂണിറ്റി- ഗോവ എന്നിവിടങ്ങളിലൂടെ 11 ദിവസത്തിൽ സഞ്ചരിക്കാം. നാല് 3AC കോച്ചുകൾ, ആറ് 2SL കോച്ചുകൾ ഉൾപ്പെടെയുള്ള ട്രെയിനിൽ രാജ്യത്ത് തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫ്ലെയിം ലെസ് പാൻട്രി കാറുകളുമുണ്ട്. കോച്ച് മാനേജർമാർ, കോച്ച് ഗാർഡുകൾ, സിസിടിവി നിരീക്ഷണം, പിഎ സംവിധാനം ഉൾപ്പെടെ നിരവധി മറ്റ് സവിശേഷതകളും ഉല റെയിലിനെ വ്യത്യസ്തമാക്കുന്നു. കോച്ച്, ഭക്ഷണം, താമസം, ട്രാൻസ്പോർട്ടേഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്കുകൾ തീരുമാനിക്കുക.

2022 ജൂലൈ 23നായിരുന്നു ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസും തമ്മിലുള്ള പൊതു സ്വകാര്യ പങ്കാളിത്തത്തിൻറെ ഭാഗമായി ഉല റെയിലിൻറെ ആദ്യയാത്രയ്ക്ക് തുടക്കമായത്. മധുരയിൽ നിന്ന് പുറപ്പെട്ട ദിവ്യ കാശി സ്പെഷ്യൽ യാത്ര, ഓഗസ്റ്റ് മൂന്നിന് ചെന്നൈ വഴി മധുരയിൽ തിരിച്ചെത്തി വിജയകരമായി പര്യടനം പൂർത്തിയാക്കി. ട്രെയിനിലെ യാത്രക്കാർക്ക് മികച്ച സേവനമാണ് ഉല റെയിൽ നൽകിയത്.

സെപ്തംബർ രണ്ടിന് ആരംഭിച്ച് 12ന് അവസാനിക്കുന്ന യാത്രയ്ക്ക്, 3AC കോച്ച് സിങ്കിളിന് 37950 രൂപയാണ് നിരക്ക്. ഡബിൾ ബെർത്തിന് 34500 രൂപയും ട്രിപ്പിൾ ബെർത്തിന് 31050 രൂപയുമാണ് നിരക്ക്. സ്ലീപ്പർ കോച്ചിൽ സിങ്കിൾ ബെർത്തിന് 31625, ഡബിൾ- 29750, ട്രിപ്പിൾ- 26875 എന്നിങ്ങനെയുമാണ് നിരക്കുകൾ. ഡോർമെട്രിക്ക് 24750 രൂപയാണ്. സെപ്തംബർ രണ്ടിന് രാവിലെ 6.15നാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുക. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോർണൂർ എത്തുന്ന ട്രെയിൻ 1.05ന് അവിടെ നിന്നും പുറപ്പെടും.