അവസരം വേണം കിട്ടിയില്ലേങ്കില്‍ മീ ടു എന്ന് പറയുന്ന നിലപാടിനോട് താന്‍ എതിരാണ്; മല്ലിക സുകുമാരൻ

0
24

കൊച്ചി;അവസരം വേണം കിട്ടിയില്ലേങ്കില്‍ മീ ടു എന്ന് പറയുന്ന നിലപാടിനോട് താന്‍ എതിരാണെന്ന് നടി മല്ലിക സുകുമാരന്‍.
വിജയ് ബാബു കേസിനെ കുറിച്ചുള്ള ചോദ്യത്തിലായിരുന്നു മല്ലികയുടെ മറുപടി. വിജയ് ബാബു പെണ്‍കുട്ടിയുടെ പേര് വന്ന് ചാനലില്‍ പറഞ്ഞെങ്കില്‍ അതൊരാണിന്റെ വാശിയാകാം എന്ന് വ്യാഖ്യാനിച്ചൂടേയെന്നും മല്ലിക ചോദിച്ചു. വിജയ് ബാബു കേസില്‍ താര സംഘടനയില്‍ നിന്ന് രാജിവെച്ചവര്‍ അനാവശ്യ തിടുക്കം കാണിച്ചു. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതമായ നടനില്‍ നിന്നും വിശദീകരണം ചോദിക്കാന്‍ പോലും ആവശ്യപ്പെടാത്ത നടിമാരാണ് രാജിവെച്ചതെന്നും മല്ലിക വിമര്‍ശിച്ചു. മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം. വായിക്കാം

ഒരിടത്ത് പോകുമ്ബോ ദുരനുഭവം ഉണ്ടായി. അപ്പോള്‍ അടുത്ത തവണ അവിടേക്ക് പോകുമ്ബോള്‍ ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും കൂടെ കൂട്ടണം. ആള് ശരിയല്ലെന്ന് മനസിലായിട്ടും അവിടെ വീണ്ടും തനിച്ച്‌ പോകാന്‍ നില്‍ക്കരുത്. അപ്പോഴാണ് നമ്മുക്ക് ചീത്ത പേര് ഉണ്ടാകുന്നത്. എന്റെ കുഞ്ഞ് എവിടെ പോകുന്നു ആരാ അവളെ കൊണ്ടുപോകുന്നത് എന്നൊക്കെ നിര്‍ബന്ധമായും നോക്കണം. അതുപോലെ തന്നെയാണ് സിനിമയിലെ കാര്യവും’.

‘വിജയ് ബാബു കേസില്‍ ആ പെണ്‍കുട്ടി പറഞ്ഞത് ഒരു മാസത്തോളം തന്നെ ദ്രോഹിച്ചുവെന്നാണ്. അച്ഛനും അമ്മയും ഒക്കെയുള്ള കുട്ടിയാണ്. ഒരിക്കല്‍ ദുരനുഭവം ഉണ്ടായാല്‍ പിന്നെ ആരുമില്ലാതെ പോകുന്നത് ശരിയായ കാര്യമാണോ? പ്രണയം തോന്നിയതാണോ അല്ലെങ്കില്‍ നല്ല നായികയായി വളര്‍ത്തിക്കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചിട്ടാണോ അറിയില്ല, അത്തരത്തിലൊരു ആഗ്രഹം നടക്കുമെന്ന് കരുതിയിട്ടാകാം അബദ്ധത്തിലേക്ക് ചെന്ന് വീണിട്ടുണ്ടാകുക’.

ഒരു മാസം ഇത്തരത്തില്‍ പീഡനം നേരിടേണ്ടി വന്നുവെന്നാണ് പറയുന്നത്. ഇതേ സമയത്തുള്ള ആ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒന്നും തന്നെ ഇങ്ങനെയൊരാള്‍ ഇത്ര നികൃഷ്ടമായ രീതിയില്‍ പെരുമാറുന്നതോ ഒന്നും പറയുന്നില്ല. എന്തുകൊണ്ടാണ് ഇതെല്ലാം പറയാന്‍ മടിക്കുന്നത്. പ്രേമം തോന്നിയെന്ന് കരുതി ഒരുത്തന്‍ ചവിട്ടി കൊല്ലാന്‍ നോക്കുന്നത് വരെ മിണ്ടാതിരിക്കുവോ?’

‘അവസരം വേണോ അഭിമാനം വേണോ? അവസരം വേണം കിട്ടിയില്ലേങ്കില്‍ മീ ടു എന്ന് പറയുന്ന ആറ്റിറ്റ്യൂഡിനെ ആണ് ഞാന്‍ എതിര്‍ത്തത്. ഒറ്റയ്ക്ക് പോയെങ്കിലേ ആഗ്രഹം നടത്താന്‍ പറ്റുകയുള്ളോ? വിജയ് ബാബുവിനെ കുറിച്ച്‌ തനിക്ക് കൂടുതല്‍ ആയി അറിയില്ല. വിജയ് ബാബു പെണ്‍കുട്ടിയുടെ പേര് വന്ന് ചാനലില്‍ പറഞ്ഞെങ്കില്‍ അതൊരാണിന്റെ വാശിയാകാം എന്ന് വ്യാഖ്യാനിച്ചൂടെ. അയാള്‍ ശരിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോക്രിത്തരമാണ്’

‘പ്രണയം കൊണ്ടാകാം, ആഗ്രഹം കൊണ്ടാകാം , നായിക ആകാനുള്ള തിടുക്കം കൊണ്ടാകാം എന്നൊക്കെ പറയുമ്ബോള്‍ അപ്പുറത്ത് ഇരിക്കുന്നത് ചോരതിളപ്പുള്ള ചെറുപ്പക്കാരനാണ്. അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയുള്ള ആളെ പറയുമ്ബോള്‍ അവനും പത്തിരട്ടി വാശി ഉണ്ടാകും. അപ്പോള്‍ അങ്ങനെ നീ ഷൈന്‍ ചെയ്യേണ്ട നീ ആരാണെന്ന് ജനം അറിയട്ടേയെന്ന് അയാളും കരുതിക്കാണാം’.
‘വിജയ് ബാബു കേസില്‍ പെണ്‍കുട്ടിയ്ക്കൊപ്പം താരസംഘടനയായ അമ്മ നിന്നില്ലെന്ന് ആരോപിച്ച്‌ രാജിവെച്ചവരൊക്കെ നേരത്തേ നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ വിശദീകരണ യോഗത്തില്‍ മാധ്യമങ്ങളുമായി കശപിശ കഴിഞ്ഞപ്പോള്‍ ആ നടന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ കണ്ടതാണ്. അന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനില്‍ നിന്നും വിശദീകരണം ചോദിക്കണമെന്ന് ഈ പറയുന്ന നടിമാര്‍ എന്തുകൊണ്ടാണ് ചോദിക്കാതിരുന്നത്. ആ കാര്യത്തിലാണ് ഡബ്ല്യുസിസിക്ക് നേട്ടം.

അക്കാര്യത്തില്‍ ഡബ്ല്യുസിസിയോട് ബഹുമാനം ഉണ്ട്. അവര്‍ എടുത്ത നിലപാടില്‍ നിന്നും അവര്‍ ഒട്ടും പിന്നോട്ട് പോകാറില്ല. ശക്തമായി തന്നെ അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഒരാളുടെ കാര്യത്തില്‍ മാത്രമല്ല എല്ലാവരുടെ കാര്യത്തിലും സംഘടനയുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകണം’.

എന്തിനാണ് വിജയ് ബാബു കേസില്‍ നടിമാര്‍ രാജിവെച്ച്‌ ഇറങ്ങി പോയത്. അളവില്‍ കൂടുതലാണ് നടിമാര്‍ പ്രതികരിച്ചത്. വിജയ് ബാബു അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഔദ്യോഗിക പാനലിന്റെ എതിര്‍ത്ത് നിന്നയാളാണ് വിജയ് ബാബു. അതിന്റെ വൈരാഗ്യം അയാളോട് ഉണ്ടായിരുന്നുവെന്നും എന്ന് പലരും വിളിച്ച്‌ തന്നോട് പറഞ്ഞിരുന്നു’, മല്ലിക സുകുമാരന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലും മല്ലിക സുകുമാരന്‍ പ്രതികരിച്ചു. ‘ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തനിക്ക് അറിയില്ല. ആ കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് തനിക്ക് അറിയാം. വല്ലാത്തൊരു അനുഭവത്തിലൂടെയാണ് അവര്‍ കടന്ന് പോയത്. ആ പെണ്‍കുട്ടി ഇത്രയും ശക്തമായി ഇപ്പോഴും പിടിച്ച്‌ നില്‍ക്കുന്നതിനോട് നൂറ് കോടി നമസ്കാരം.മറ്റാരെങ്കിലും ആണെങ്കില്‍ തളര്‍ന്ന് പോയേനെ’.
നടി ആക്രമിക്കപ്പെട്ടത് എങ്ങനെയെന്ന് കണ്ടുപിടിക്കണം. അതിന് ന്യൂസ് അവര്‍ ചര്‍ച്ചകള്‍ കൊണ്ട് മതിയാകില്ല. സത്യം പറയുന്ന നിയമപാലകന്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ സത്യസന്ധമായി കേസ് കൈകാര്യം ചെയ്യണം. ചെയ്യിപ്പിച്ചവനായാലും ചെയ്തവനായാലും അപ്രത്യക്ഷനായി നില്‍ക്കുന്ന മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവരെ ആയാലും നിയമത്തിന് മുന്‍പില്‍ കൊണ്ടു വരണം’, നടി പറഞ്ഞു.