അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ ഇന്ത്യൻ റെയിൽവേക്ക് 200 രൂപയുടെ നഷ്ടം

0
30

ദില്ലി; അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ 200 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റെയില്‍വെ. 50 കോച്ചുകളും 5 എന്‍ജിനുകളും പൂര്‍ണമായി കത്തി നശിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്ലാറ്റ്ഫോമുകള്‍ക്കും കമ്ബ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കും മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ദനാപൂര്‍ റെയില്‍ ഡിവിഷന്‍ ഡിവിഷണല്‍ മാനേജര്‍ പ്രഭാത് കുമാര്‍ പറഞ്ഞു. പദ്ധതിക്കെതിരെ മൂന്നാം ദിനവും ബിഹാറില്‍ പ്രതിഷേധം തുടരുകയാണ്.

ഭാബുവ റോഡ്, സിധ്വാലിയ (ഗോപാല്‍ഗഞ്ച്), ചപ്ര റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ പാസഞ്ചര്‍ ട്രെയിനുകളില്‍ നിന്നുള്ള ഓരോ കോച്ചുകളുള്‍പ്പെടെ വെള്ളിയാഴ്ച ഏതാണ്ട് ഒരു ഡസനോളം കോച്ചുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ബറൗണി-ഗോണ്ടിയ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു.സിവാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ റെയില്‍ എഞ്ചിന് തീയിടാന്‍ ശ്രമിച്ചു. വിക്രംശില എക്‌സ്പ്രസിന്റെ മൂന്ന് എയര്‍കണ്ടീഷന്‍ ചെയ്ത കമ്ബാര്‍ട്ടുമെന്റുകള്‍ കൊള്ളയടിച്ചതിന് ശേഷം കത്തിച്ചു.

അറ ജില്ലയില്‍ പുതുതായി നിര്‍മിച്ച പ്ലാറ്റ്‌ഫോമും മോത്തിഹാരിയിലെ ബാപുധാം റെയില്‍വേ സ്റ്റേഷനും പ്രതിഷേധക്കാര്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. സംഭവത്തിനിടെ ഒരു യാത്രക്കാരന് പരിക്കേറ്റു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ അറിയിച്ചു. നാല് എക്സ്പ്രസുകളും 30 ഓളം ട്രെയിനുകളുമാണ് റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച പ്രതിഷേധക്കാര്‍ അഞ്ച് ട്രെയിനുകള്‍ കത്തിക്കുകയും നിരവധി കോച്ചുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പദ്ധതിക്കെതിരെ ഇന്ന് സംസ്ഥാനത്ത് പ്രതിപക്ഷം ബന്ദ് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. അക്രമബാധിത പ്രദേശങ്ങളില്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

അക്രമങ്ങളില്‍ നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ദനാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ തകര്‍ത്തതിന് 170 പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും 46 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി റെയില്‍വേയ്ക്കെതിരെ ഉണ്ടായ അക്രമം എസ് ഐ ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.