എല്‍.പി സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ കുടുങ്ങിയതായി പരാതി

0
88

എല്‍.പി സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ കുടുങ്ങിയതായി പരാതി. സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ ചൂണ്ടിക്കാണിച്ച്‌ രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കി. ബാത്ത് റൂമിന്റെ ഡോര്‍ അടഞ്ഞു പോയതിനാല്‍ കുട്ടി കുടുങ്ങി പോവുകയായിരുന്നു. ഇതോടെ കുട്ടി പേടിച്ച്‌ കരച്ചിലും തുടങ്ങി.

ഏറെ നേരം കഴിഞ്ഞാണ് തൊട്ടടുത്ത ക്ലാസിലെ ടീച്ചര്‍ കരച്ചില്‍ കേള്‍ക്കുന്നത്. ടീച്ചര്‍ ഓടിയെത്തി കുട്ടിയെ പുറത്തേക്ക് ഇറക്കി. അപ്പോഴെക്കും കുട്ടി പേടിച്ചുവിറച്ചിരുന്നു. എന്നാല്‍ ഈ സംഭവം കുട്ടിയെ കൊണ്ടുപോവാന്‍ വന്ന രക്ഷിതാക്കളെ അറിയിക്കാതെ സ്‌കൂള്‍ അധികൃതര്‍ മറച്ചുപിടിച്ചുവെന്നാണ് പരാതി.

വീട്ടിലെത്തിയ കുട്ടി ഭയപ്പെട്ടു നില്‍ക്കുന്നത് കണ്ടു കൂടെപഠിച്ചിരുന്ന ബന്ധുവായ മറ്റൊരുകുട്ടിയാണ് വിവരം പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ചു ചോദിക്കാന്‍ വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ ഫോണ്‍വിളിച്ച്‌ അന്വേഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാനോ തിരിച്ചു വിളിക്കാനോ തയ്യാറായില്ലെന്നാണ് പരാതി.

ഭയം വിട്ടുമാറാത്തതിനാല്‍ ഇതിനു ശേഷം കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കുട്ടിക്ക് മാനോവിഷമവും ഭീതിയും അനുഭവിക്കേണ്ടി വന്നുവെന്നാണ് രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.