സുരേന്ദ്രനഗർ (ഗുജറാത്ത്): കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ സൈന്യം രക്ഷിച്ചു

0
33

കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ സൈന്യം രക്ഷിച്ചു. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് സംഭവം.  കൃഷിയിടത്തിലെ കുഴൽക്കിണറിലാണ് രണ്ട് വയസ്സുകാരൻ വീണത്. തുടർന്ന് സൈന്യവും അഗ്നിശമന സേനയും പൊലീസും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലത്തെത്തി. കുട്ടിയെ രക്ഷപ്പെടുത്തിയെന്ന്  ധ്രംഗധ്ര അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ എംപി പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ശിവം എന്ന രണ്ടു വയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. മാതാപിതാക്കൾ ജോലി ചെയ്യുന്ന വയലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പരിശോധനയിൽ കുട്ടി 20-25 അടി താഴ്ചയിൽ കുടുങ്ങിയതായി കണ്ടെത്തി. 
സംഭവം അറിഞ്ഞ ജില്ലാ ഭരണകൂടം പ്രാദേശിക ദുരന്തനിവാരണ സെല്ലിനെയും അഹമ്മദാബാദിലെ ദേശീയ ദുരന്ത പ്രതികരണ സേനയെയും അറിയിച്ചു. സൈന്യത്തിന്റെയും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെയും പൊലീസിന്റെയും സഹായവും തേടി. തുടർന്ന് സൈന്യവും പോലീസും ജില്ലാ ഭരണകൂട ജീവനക്കാരും നാട്ടുകാരും അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി 10.45 ഓടെ കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 
 കുട്ടിയെ ധ്രംഗധ്ര ടൗണിലെ സർക്കാർ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. പിന്നീച് കൂടുതൽ ചികിത്സയ്ക്കായി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. 40 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.