”എവിടെയോ എന്തോ ഒരു തകരാറ് പോലെ”; ഊബറിന്റെ ഹെൽമെറ്റും സ്വിഗ്ഗിയുടെ ടീ ഷർട്ടുമായി സൊമാറ്റോ ഫുഡ് ഡെലിവറി; വീഡിയോ വൈറൽ

0
69

പല പല കമ്പനികളുടെ വസ്ത്രങ്ങൾ മാറി മാറി ധരിക്കുന്നത് ഇന്ന് യുവാക്കൾക്കിടയിൽ ഒരു ട്രെൻഡാണ്. തങ്ങളുടെ ആഡംബര ജീവിതം നാലാളെ കാണിക്കാൻ വേണ്ടി തന്നെ ഇത്തരം ട്രെൻഡുകൾ തേടിപ്പോകുന്ന ഫ്രീക്കന്മാരും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇതൊന്നുമല്ല, രണ്ട് കമ്പനികളുടെ വേഷം ധരിച്ച മറ്റൊരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

രണ്ട് ഫുഡ് ഡെലിവറി ആപ്പുകളുടെയും ഒരു റൈഡ് ഷെയറിംഗ് കമ്പനിയുടെയും ലോഗോയാണ് യുവാവ് തന്റേ വേഷത്തിൽ ഉൾപ്പെടുത്തിയത്. ഊബറിന്റെ ഹെൽമെറ്റും സ്വീഗ്ഗിയുടെ ടീ ഷർട്ടും ധരിച്ച യുവാവ് സൊമാറ്റോയുടെ ഫുഡ് ഡെലിവറി ബോക്‌സുമായാണ് ബൈക്കിലെത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു.

നിരവധി പേരാണ് ഈ വ്യത്യസ്ത വേഷത്തിൽ കമന്റുകളും അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ഒല കമ്പനി ലോഗോ ഇല്ലെന്നും അത് കൂടി വേണമായിരുന്നു എന്നുമാണ് ചിലരുടെ പ്രതികരണം. എല്ലാ കമ്പനികൾക്കും വേണ്ടി ജോലി ചെയ്യുന്നയാളാകാം എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.