‘ചൂട് കൂടുതലാണെന്ന് കെകെ പറഞ്ഞപ്പോൾ ലൈറ്റുകൾ ഓഫ് ചെയ്തിരുന്നു, പരിപാടി കാണാൻ വന്ന മറ്റാർക്കും പ്രശ്‌നമില്ലായിരുന്നു’ : സംഘാടകർ

0
17

കൊൽക്കത്തയിലെ നസ്രുൾ മഞ്ചിൽ നടന്ന പരിപാടിക്കിടെ ബോളിവുഡ് ഗായകൻ കെകെയ്ക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് സംഘാടകർ. ചൂടു കൂടുതലാണെന്ന് കെകെ പറഞ്ഞപ്പോൾ കുറച്ച് ലൈറ്റുകൾ ഓഫ് ചെയ്തുവെന്നും എസി പ്രവർത്തിക്കാത്തത് സംഘാടകരുടെ കുഴപ്പമല്ലെന്നും സംഘാടകർ പറഞ്ഞു. അഗ്‌നിശമന വാതകം ഉപയോഗിച്ചത് ഓഡിറ്റോറിയത്തിന് പുറത്താണെന്നും സംഘാടക സമിതി അംഗമായ ദേബശിഷ് ദാസ് പറഞ്ഞു.

നസ്രുൾ മഞ്ചിൽ നടന്ന കെകെയുടെ സംഗീത പരിപാടിക്കിടെ ഒട്ടേറെ വീഴ്ചകൾ പറ്റിയെന്നും കെകെ അസ്വസ്ഥനായിരുന്നു എന്നുമുള്ള ആരോപണങ്ങളെ തീർത്തും തള്ളുകയാണ് സംഘാടകർ. പരിപാടിക്കിടെ ഒരു തെറ്റും സംഭവിച്ചിട്ടില്ല.പ്രശ്‌നം ഉണ്ടായിരുന്നെങ്കിൽ കെകെ തന്നെ പരിപാടി അവസാനിപ്പിക്കുമായിരുന്നു. പരിപാടിക്ക് ശേഷം വാഹനത്തിൽ ഇരുന്ന് തമ്പ്‌സ് അപ്പ് കാണിച്ചാണ് കെകെ മടങ്ങിയത് എന്നുമാണ് ന്യായീകരണം.

ഹാളിനകത്തു 3500 ഓളം ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സംഘാടകർ പറഞ്ഞു. പരിപാടി കാണാൻ എത്തിയ ആർക്കും ഒരു പ്രശ്‌നവും ഇല്ലെന്നും സംഘടക സമിതി അംഗം വിശദീകരിച്ചു. പരിപാടിക്കിടെ അഗ്‌നിശമന ഉപകരണങ്ങൾ ഉപയോഗിച്ചത് സംഘടകർ സമ്മതിക്കുന്നു. എന്നാൽ ഹാളിന് പുറത്താണ് അവ ഉപയോഗിച്ചത് എന്നാണ് ന്യായീകരണം.