ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലില്‍ നിന്ന് 350 കോടി രൂപയുടെ ആസ്തിയുള്ളയാളായി കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഷൈബിന്‍ അഷ്‌റഫ്

0
63

കല്‍പറ്റ: ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലില്‍ നിന്ന് 350 കോടി രൂപയുടെ ആസ്തിയുള്ളയാളായി കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഷൈബിന്‍ അഷ്‌റഫ് സൈക്കോ കൊലപാതകി തന്നെ.

എങ്ങനെയാണ് അഷ്‌റഫ് ഇത്രയേറെ പണമുണ്ടാക്കിയതെന്ന് ആര്‍ക്കും അറിയില്ല. മുലക്കുരു വൈദ്യന്റെ കൊലയ്ക്ക് അപ്പുറമുള്ള കുറ്റ കൃത്യങ്ങള്‍ ഷൈബിന്‍ ചെയ്തുവെന്നാണ് സൂചന. ബത്തേരിയില്‍ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിന്‍ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. പിന്നീട് അമ്മ ജോലി തേടി ഗള്‍ഫിലേക്കു പോയി. പിറകെ ഷൈബിനും ഗള്‍ഫിലെത്തി്. അതിവേഗം കോടീശ്വരനായി എന്നതാണ് വസ്തുത.

 

അതിനിടെ നിലമ്ബൂര്‍ കൊലപാതകക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകള്‍ തങ്ങളുടെ സംശയം ശരിവയ്ക്കുന്നതാണെന്ന് അബുദാബിയില്‍ കയ്യിലെ ഞരമ്ബ് മുറിഞ്ഞു മരിച്ച നിലയില്‍ കണ്ടെത്തിയ ഹാരിസിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. നിര്‍ണ്ണായക തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഷൈബിന്‍ അഷ്‌റഫിന്റെ അബുദാബിയിലെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. ഷൈബിനുമായി ഉണ്ടായ തര്‍ക്കവും മറ്റും ഹാരിസിനെ വകവരുത്താന്‍ കാരണമായിട്ടുണ്ടാകാമെന്നു ബന്ധുക്കള്‍ പറയുന്നു. അബുദാബിയിലെ ഫ്‌ളാറ്റിലാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മല്‍ കുറുപ്പന്‍തൊടികയില്‍ ഹാരിസിന്റെ (35) മൃതശരീരം 2020 മാര്‍ച്ച്‌ അഞ്ചിനു കണ്ടെത്തിയത്. ഹാരിസിന്റെ മാനേജരായ സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി.

 

ഒരാഴ്ചയ്ക്കകം നാട്ടിലെത്തുമെന്ന് അറിയിച്ച ശേഷമായിരുന്നു മരണം. തലേന്നും നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ഫോണില്‍ ഹാരിസ് ബന്ധപ്പെട്ടിരുന്നു. ഹാരിസിന്റെ മരണത്തില്‍ സംശയം തോന്നിയ കുടുംബം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ മൃതദേഹം പുറത്തെടുത്തു പരിശോധിക്കുന്നതിനോടു വിയോജിപ്പായിരുന്നു. കുടുംബത്തിനുനേരെ ഭീഷണിയുള്ളതു മൂലമാണ് പരാതിയുമായി മുന്നോട്ടുപോകാതിരുന്നതെന്ന് സുഹൃത്ത് അന്‍വര്‍ പറഞ്ഞു.

 

അതിനിടെ ഹാരിസിനെയും സ്ത്രീയെയും കൊലപ്പെടുത്തേണ്ടതെങ്ങനെയെന്ന നിര്‍ദേശങ്ങളുള്‍പ്പെടുത്തി ഷൈബിന്‍ തയാറാക്കിയെന്നു കരുതുന്ന 45 പേജുള്ള ബ്ലൂപ്രിന്റിന്റെ വിഡിയോ പൊലീസിനു ലഭിച്ചു. ആത്മഹത്യയെന്നു തോന്നത്തക്കവിധത്തില്‍ കൊലപ്പെടുത്തേണ്ടതെങ്ങനെയെന്നു ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്ത് ചുമരില്‍ ഒട്ടിച്ചിരിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തം. ഒരു തിരക്കഥ പോലെ വിശദമാണിത്. സംഘാംഗം നൗഷാദാണ് വിഡിയോ എടുത്തത്. ഹാരിസും സ്ത്രീയും തമ്മില്‍ വഴക്കും മല്‍പിടിത്തവുമുണ്ടായെന്നും ഹാരിസ് സ്ത്രീയെ കൊന്ന് ആത്മഹത്യ ചെയ്തു എന്നും വരുത്തിത്തീര്‍ക്കുന്ന നിര്‍ദേശങ്ങളാണ് ഇതിലുള്ളത്.

 

മൈതാനിക്കുന്നിലെ കുടിലില്‍നിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലെയും മന്തൊണ്ടിക്കുന്നിലെയും വലിയ വാടകവീടുകളിലേക്കു കുടുംബം താമസം മാറി. 7 വര്‍ഷം മുന്‍പ് ബത്തേരി പുത്തന്‍കുന്നില്‍ ഊട്ടി റോഡരികില്‍ ആഡംബരവസതിയുടെ നിര്‍മ്മാണം ആരംഭിച്ചു. അബുദാബിയില്‍ അറബിക്കൊപ്പം ഡീസല്‍ കച്ചവടമെന്നാണു പറഞ്ഞത്. ഇതെല്ലാം പല സംശയങ്ങള്‍ക്കും ഇടനല്‍കിയിരുന്നു. ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു.

 

നാട്ടുകാരെ സഹായിക്കാനും എത്തി. യുവാക്കളെ ഗള്‍ഫില്‍ കൊണ്ടു പോയി. വിശ്വസ്തര്‍ക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലര്‍ക്ക് വയനാട്ടില്‍ മീന്‍കടകളും സജ്ജീകരിച്ചു നല്‍കി. ഇവരെ ചേര്‍ത്ത് ഗുണ്ടാ സംഘമുണ്ടാക്കി. ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിന്‍ ക്വട്ടേഷന്‍ ബന്ധങ്ങളും തുടങ്ങി. നാട്ടില്‍ ഷൈബിന്റെ ഉറ്റവരായി 30 പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏല്‍പിച്ചു.

 

ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീന്‍, തുണി കച്ചവടത്തിലും പണം ഇറക്കി. ബെംഗളൂരുവില്‍നിന്നു തുണി വയനാട്ടില്‍ എത്തിച്ച്‌ മറ്റു ജില്ലകളിലേക്കു റീട്ടെയ്ലായി നല്‍കാന്‍ ബത്തേരിയില്‍ ഓഫിസ് തുടങ്ങി. സംഘത്തില്‍ ഭിന്നതയുമുണ്ടായി. വില്ലനായി ഷൈബിനെ വൃക്കരോഗം അലട്ടി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ബിസിനസില്‍ സജീവമായപ്പോഴാണ് അബുദാബിയില്‍ കേസില്‍പെടുന്നത്. 2 വര്‍ഷത്തോളം അവിടെ ജയിലില്‍ കഴിഞ്ഞു. കേസില്‍ കുടുങ്ങിയതോടെ വയനാട്ടിലെ വീടുപണി നിലച്ചു.

 

ജയില്‍ വിട്ടു കേരളത്തിലെത്തിയ ഷൈബിന്‍ നിലമ്ബൂരില്‍ പുതിയ വീടു വാങ്ങി താമസമാക്കി. പറഞ്ഞ തുക നല്‍കാതെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതു ചോദ്യം ചെയ്യാന്‍ തങ്ങളകത്ത് നൗഷാദും കൂട്ടരും നിലമ്ബൂരിലെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെയാണു ഷൈബിന്റെ ക്രൂരമുഖം വെളിച്ചത്തുവന്ന സംഭവങ്ങളുടെ തുടക്കം. നൗഷാദിനും കൂട്ടര്‍ക്കുമെതിരെ നിലമ്ബൂര്‍ പൊലീസില്‍ പരാതി നല്‍കാനുള്ള തീരുമാനം ഷൈബിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഷൈബിനുവേണ്ടി നടത്തിയ ക്രൂരകൃത്യങ്ങളെല്ലാം സംഘാംഗങ്ങള്‍ വെളിപ്പെടുത്തി. അതിലൊന്ന് മാത്രമാണ് മൂലക്കുരുവിന് ചികില്‍സിക്കുന്ന വൈദ്യന്റെ കൊല.