മലപ്പുറത്തെ കൂട്ടക്കൊല; കൊല്ലപ്പെട്ട ജാസ്മിന്റെയും മകളുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു

0
35

മലപ്പുറം: പാണ്ടിക്കാട്ട് ഭാര്യയെയും മക്കളെയും ഓട്ടോയിലിട്ട് തീവച്ച് ഭർത്താവ് കിണറ്റിൽ ചാടിയ സംഭവത്തിൽ കൊല്ലപ്പെട്ട ജാസ്മിൻ്റെയും മകളുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കണ്ടിപറമ്പിലെ വീട്ടിലെത്തിച്ചു. മുഹമ്മദിന്റെ മൃതദ്ദേഹം മാമ്പുഴയിലുമെത്തിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട അഞ്ചു വയസുള്ള മകൾ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേ സമയം കൊലപാതകം ആസ്സ്ത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് മുഹമ്മദിന്റെ ഭാര്യ ജാസ്മിൻ, പതിനൊന്നുവയസുകാരി മകൾ ഫാത്തിമ എന്നിവരുടെ മൃതദേഹം ജാസ്മിന്റെ വീട് സ്ഥിതി ചെയ്യുന്ന കൊണ്ടിപറമ്പിൽ എത്തിച്ചത്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയാണ് മുഹമ്മദ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മുഹമ്മദിന്റെ മൃതദേഹം മാമ്പുഴയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മനുഷ്യ മനസാക്ഷിയെ നടുക്കിയ അറുംകൊലക്ക് ശേഷം ജീവനൊടുക്കിയ മുഹമ്മദ് കൃത്യമായ ഒരു പദ്ധതിയുമായാണ് കൊണ്ടിപറമ്പിൽ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു മാസത്തോളമായി അകന്നു കഴിയുന്ന ഭാര്യയായ ജാസ്മിനെയും, മൂന്നു മക്കളേയും തിരിച്ചു കാസർഗോഡ് കൊണ്ടുപോകാനാണ് ഇയാൾ എത്തിയത്. ഇവരെ ഭീഷണിപ്പെടുത്തി കൊണ്ടുപോവാൻ വാഹനത്തിൽ കരിമരുന്നും, പെട്രോളും ഒളിപ്പിച്ചുവച്ചിരുന്നു. ഭാര്യയുമായുള്ള സംസാരം വാക്കുതർക്കത്തിലെത്തിയതോടെ ഇയാൾ വാഹനത്തിലുണ്ടായിരുന്ന പെട്രോൾ എടുത്ത് ഇവരുടെ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഭാര്യയ്ക്കും, രണ്ടും കുട്ടികൾക്കും പൊള്ളലേറ്റതോടെ സ്വയം രക്ഷപ്പെടാനായി ഇയാൾ പുറത്തിറങ്ങി. എന്നാൽ മുഹമ്മദിന്റെ ദേഹത്തും ദ്രാവകം ആയതിനാൽ വസ്ത്രത്തിൽ തീ പിടിച്ചു. തുടർന്ന് തീ അണക്കാനായി ഇയാൾ തൊട്ടടുത്ത കിണറിലേയ്ക്ക് ചാടുകയായിരുന്നു. എന്നാൽ കിണറിന് മുകളിലുണ്ടായിരുന്ന കയർ കഴുത്തിൽ മുറുകി ഇയാൾ മരിക്കുകയായിരുന്നു. ഭാര്യയെയും, മക്കളെയും കൊലപ്പെടുത്തിയ ശേഷം കടന്നു കളയാനായിരുന്നു മുഹമ്മദിന്റെ പദ്ധതി.

കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ ഇയാൾ മത്സ്യവിൽപ്പനയുമായി കഴിഞ്ഞ പതിനഞ്ചു വർഷമായി കാസർഗോഡാണ് താമസം. കൊല്ലപ്പെട്ട ജാസ്മിൻ ഇയാളുടെ ആദ്യ ഭാര്യയാണ്. ഇവരെ കൂടാതെ മറ്റൊരു ഭാര്യയും, മൂന്ന് മക്കളും മുഹമ്മദിനുണ്ട്. ജാസ്മിനുമായുള്ള കുടുംബവഴക്കിന് പ്രധാനകാരണം രണ്ടാം വിവാഹം ആയിരിക്കാം എന്നതാണ് പൊലീസ് നിഗമനം. കൂടാതെ ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.