‘ഞാന്‍ ഇരയല്ല, അതിജീവിത, ആത്മാഭിമാനത്തിനും നീതിക്കും വേണ്ടി അവസാനം വരെ പോരാടും’: ഭാവന

0
77

ഒരിക്കലും മറക്കാനാകാത്ത അതിക്രമത്തെക്കുറിച്ചും അതിനുശേഷം ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ആദ്യമായി തുറന്നു പ്രതികരിച്ച് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ ‘വി ദ് വിമെന്‍’ പരിപാടിയിലാണ് ഭാവനയുടെ പ്രതികരണം.

അതുവരെയുള്ള ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവങ്ങളാണ് അതിനുശേഷം ഉണ്ടായത്. ബുദ്ധമുട്ടേറിയ ആ യാത്ര ഇപ്പോഴും തുടരുകയാണ്. ഒരിക്കലും ഒരു ഇരയല്ല, അതിജീവിതയാണ് താനെന്നും ഭാവന പറഞ്ഞു.

നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ലെങ്കിലും അത് അവസാനം വരെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. തിരിച്ചു വരവ് അതീവ പ്രയാസമേറിയതാണ്. എങ്കിലും മലയാള സിനിമയിലേക്ക് തിരിച്ചു വരും. ഞാന്‍ മാറിനിന്നത് എന്റെ മനസമാധാനത്തിനാണ്. തെളിവെടുപ്പ് നടന്ന 15 ദിവസം അതീവ പ്രയാസമേറിയതായിരുന്നു.

ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലൂടെ കടന്ന് പോയി താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കേണ്ടി വന്നു. തികച്ചും ഒറ്റപ്പെട്ടു എന്നു തോന്നിയ ദിവസങ്ങളായിരുന്നു അവ. തുറന്നു പറഞ്ഞതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടിട്ടുണ്ട്.
അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം ഒരു സന്ദര്‍ഭം നേരിടേണ്ടി വരുമായിരുന്നില്ല.

ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,’ ഭാവന പറഞ്ഞു. ഡബ്‌ള്യൂസിസി തനിക്ക് ഒരുപാട് ധൈര്യം തന്നു. എന്നാൽ, വലിയൊരു വിഭാഗം തനിക്ക് സിനിമകളില്‍ അവസരം നിഷേധിക്കുകയും ചെയ്തൂവെന്ന് ഭാവന തുറന്നുപറഞ്ഞു.

മോശമായി വളര്‍ത്തപ്പെട്ടവള്‍ എന്നുപോലും പലരും പറഞ്ഞു. എന്നാല്‍ കുടുംബവും സിനിമാ മേഖലയില്‍ ഉള്ള സുഹൃത്തുക്കളും ഒപ്പം നിന്നു. ഒപ്പം നിന്നവരോടെല്ലാം നന്ദിയുണ്ട്. ഏതു തരം പ്രയാസങ്ങളിലൂടെയായാലും കടന്നുപോകുന്ന സ്ത്രീകളെ സമൂഹം കാണുന്നത് വേറെ ഒരു വീക്ഷണത്തിലൂടെയാണ്. അത് മാറണം. അതിജീവിതരെ സമൂഹം അംഗീകരിക്കണം. അവരുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യണമെന്നും അവര്‍ക്ക് പിന്തുണ നല്‍കണമെന്നും ഭാവന പറഞ്ഞു.