രണ്ട് വയസുകാരിയെ പീഡിപ്പിച്ച്‌ കൊന്ന് മൃതദേഹം കലുങ്കിനടിയിൽ തള്ളിയ 38കാരന് വധശിക്ഷ

0
79

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ 38കാരന് വധശിക്ഷ. പുണെയിലെ അതിവേഗ പോക്സോ കോടതിയാണ് സഞ്ജയ് കട്കര്‍ എന്ന 38 കാരനെ വധശിക്ഷയ്ക്ക് വിധിച്ചത്. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രതി നടത്തിയതായി തെളിഞ്ഞതായി ജഡ്ജി സഞ്ജയ് ദേശ്മുഖ് പറഞ്ഞു.

2021 ഫെബ്രുവരി 15നാണ് സംഭവം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനെ കാണാതെ അന്വേഷിച്ച്‌ ഫലമില്ലാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ പാലത്തിന് അടിയിലെ പൈപ്പിനുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുഞ്ഞുമായി വന്ന ഒരാളെ കലുങ്കിനടുത്ത് ഇറക്കിവിട്ടുവെന്ന റിക്ഷാ ഡ്രൈവറുടെ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം സമീപത്തെ ഒരു ഇഷ്ടികച്ചൂളയ്ക്ക് സമീപം ഒളിച്ചിരുന്ന സഞ്ജയ് കട്കറെ പൊലീസ് അറസ്റ്റ് ചെയ്തു.