എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതു സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യയായ കണ്ടിന്വസിലി ഓപ്പറേറ്റീവ് റെഫറന്‍സ് സ്റ്റേഷന്‍ (കോര്‍സ്) സംവിധാനം ഉപയോഗിച്ച് കേരളത്തെ ഡിജിറ്റലായി റീ-സര്‍വ്വേ ചെയ്യുന്നതിനു തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
24 മണിക്കൂറും സാറ്റലൈറ്റ് സിഗ്‌നലുകള്‍ പ്രയോജനപ്പെടുത്തി കര്‍മ്മനിരതമാകുന്ന 28 സ്ഥിരം സ്റ്റേഷനുകള്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സജ്ജമാക്കും. ഡ്രോണ്‍, ലിഡാര്‍, ഇ ടി എസ് എന്നീ സാങ്കേതികവിദ്യകള്‍ ഭൂമിയുടെ പ്രത്യേകതകള്‍ അനുസരിച്ച്
അവശ്യാനുസരണം ഉപയോഗിക്കും.
സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ എപ്രകാരം സിവില്‍ സര്‍വ്വീസിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ഈ സര്‍ക്കാരിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അഞ്ഞൂറോളം സേവനങ്ങള്‍ ഒറ്റ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയതും സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ആപ്പ് രൂപീകരിച്ചതും സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള നടപടികള്‍ ലഘൂകരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്.
ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നമ്മുടെ വില്ലേജ് ഓഫീസുകളെയെല്ലാം സ്മാര്‍ട്ടാക്കാനുള്ള ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.കേരളത്തിലെ പൊതുസ്വകാര്യ ഭൂമി അളന്ന് ഉടമസ്ഥാവകാശം തിട്ടപ്പെ ടുത്തി ഭൂരേഖകള്‍ തയ്യാറാക്കുക എന്നതാണ് സര്‍വ്വേയും ഭൂരേഖയും വകുപ്പിന്റെ പ്രധാന ചുമതല.
1966 ല്‍ റീ-സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. എന്നാല്‍ അതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. 1996 ല്‍ ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ സര്‍വ്വേ ആരംഭിച്ചുവെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്മ പലപ്പോഴും പ്രവര്‍ത്തനങ്ങളെ ബാധിച്ചു.
ഇത്തരം മുന്‍കാല അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടാണ് ഡിജിറ്റല്‍ റീ-സര്‍വ്വേ നടത്താന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 89 വില്ലേജുകളുടെ ഡിജിറ്റല്‍ റീ-സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്. 27 വില്ലേജുകളില്‍ സര്‍വ്വേ പുരോഗമിക്കുകയാണ്. ബാക്കിവരുന്ന 1,550 വില്ലേജുകളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റീ-സര്‍വ്വേ നടത്താനാണ് ഉദ്ദേശിക്കുന്നത്. 807 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴി 339.438 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നാലു ഘട്ടങ്ങളിലായി നാലു വര്‍ഷംകൊണ്ട് ഡിജിറ്റല്‍സര്‍വ്വേ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സര്‍വ്വേ ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ ഡയറക്ടറുടെ സാങ്കേതിക സഹായത്തോടെയാണ് സര്‍വ്വേ നടത്തുന്നത്. ദൈനംദിന നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി സര്‍വ്വേ ഡയറക്ടറേറ്റില്‍ ഒരു സംസ്ഥാനതല പദ്ധതി നിര്‍വ്വഹണ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.
വിവരസാങ്കേതിക വിദ്യയെ സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റത്തിനായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് സര്‍ക്കാരിനെ നയിക്കുന്നത്. അതുകൊണ്ടു തന്നെ വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം പല മേഖലകളിലും നാം നടത്തുന്നുണ്ട്.
നമ്മുടെ ഭൂമിയെ അളന്നു തിട്ടപ്പെടുത്തുന്നതിനു ഡിജിറ്റല്‍ സങ്കേതങ്ങളെ പ്രയോജനപ്പെടുത്തുന്നത് തെറ്റുകളും കാലതാമസവും ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തും. അതാകട്ടെ ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നു എന്നും സര്‍ക്കാരിന്റെ ഭൂവിനിയോഗവും ഭൂമിയില്‍ നിന്നുള്ള വരുമാനവും കുറ്റമറ്റതായിരിക്കും എന്നും ഉറപ്പുവരുത്തും.
ഇപ്പോള്‍ ഭൂമിയുടെ വില്‍പ്പന, ഭൂമി വാങ്ങല്‍, കൈമാറ്റം, അനുബന്ധ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരുന്നുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് രജിസ്ട്രാര്‍ ഓഫീസില്‍ പോകണം.
കരം കൊടുക്കല്‍ മുതല്‍ പോക്കുവരവ് വരെ വിവിധ കാര്യങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളിലും സ്‌കെച്ച് കിട്ടാന്‍ സര്‍വ്വേ ഓഫീസിലുമെല്ലാം പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ത്തീകരിക്കുന്നതോടെ രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വ്വേ വകുപ്പുകളുടെ സേവനം ഏകീകൃതമായ സോഫ്‌റ്റ്വെയര്‍ സംവിധാനത്തിനു കീഴിലാകും. ഈ ആവശ്യങ്ങളെല്ലാം ഒരു പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നിര്‍വ്വഹിക്കാം.
ഡിജിറ്റല്‍വല്‍ക്കരണ പ്രക്രിയ പൂര്‍ണ്ണമായും ജനപങ്കാളിത്തത്തോടെ ജനകീയമായി നിര്‍വ്വഹിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജനകീയ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ജില്ലാതലം മുതല്‍ പ്രാദേശിക തലം വരെ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓരോ പ്രദേശത്തെയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും.
സാങ്കേതിക കാര്യങ്ങളില്‍ വലിയതോതില്‍ അറിവുള്ളവരല്ല ജനപ്രതിനിധികളില്‍ മിക്കവരും. അത്തരം കാര്യങ്ങള്‍ അതില്‍ വിദഗ്ധരായവര്‍ നോക്കിക്കൊള്ളും. ജനപ്രതിനിധികള്‍ എന്ന നിലയ്ക്ക് ജനകീയ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്.
സര്‍വ്വേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സര്‍വ്വേ നടത്താനായി എത്തുമ്പോള്‍ ഭൂവുടമകളുടെ സമ്പൂര്‍ണ്ണമായ സഹകരണം ഉറപ്പാക്കാനാകണം. സര്‍വ്വേ സമയത്ത് ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുക, റിക്കാര്‍ഡുകളും രേഖകളും പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തുക, തങ്ങളുടെ ഭൂമിയുടെ അതിര്‍ത്തികള്‍ വ്യക്തമായി കാണുംവിധം കാടു വെട്ടിത്തെളിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഭൂവുടമകള്‍ പ്രധാനമായും ചെയ്യേണ്ടത്.
സര്‍വ്വേക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പ് ഇത്തരം മുന്നൊരുക്കങ്ങള്‍ നടത്തി എന്നുറപ്പാക്കല്‍ ജനകീയ കമ്മിറ്റികളുടെ പ്രധാന ഉത്തരവാദിത്തമാണ്. ഇതിന്റെ വിശദാംശങ്ങള്‍ പരിശീലന പരിപാടികളിലൂടെ റവന്യൂ വകുപ്പ് ലഭ്യമാക്കും.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമാനതകളില്ലാത്ത വികസനത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു നമ്മുടെ വിഭവങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടതുണ്ട്. അതു കുറ്റമറ്റ രീതിയില്‍, വേഗത്തില്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സര്‍വ്വേ സഹായിക്കും.
അതുവഴി കേരളത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ഭൂവിനിയോഗം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.അതോടൊപ്പം സ്വകാര്യ ഭൂമി കൃത്യതപ്പെടുത്തി ഭൂവുടമകള്‍ക്ക് സംരക്ഷിക്കാനും സാധിക്കും. അതുകൊണ്ടു തന്നെ ഈ റീ-സര്‍വ്വേ നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും. അതിനായി ഏറ്റവും വലിയ സഹകരണം ജനപ്രതിനിധികളുടെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.