ഉക്രയ്‌നെതിരായ റഷ്യന്‍ സൈനിക നടപടി നിര്‍ഭാഗ്യകരം; ഇന്ത്യക്കാരുടെ സുരക്ഷ കേന്ദ്രം ഉറപ്പുവരുത്തണം: സിപിഐ എം

0
38

ഉക്രയ്‌നെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത്‌ നിര്‍ഭാഗ്യകരമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ. റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും സായുധ പോരാട്ടത്തിൽ കടുത്ത ആശങ്കയുള്ളതായും പിബി പ്രസ്‌താവനയില്‍ അറിയിച്ചു.

സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ റഷ്യയ്ക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായി കിഴക്കൻ അതർത്തിയിലേക്ക്‌ ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഉക്രെയ്നെ നാറ്റോയിൽ ചേർക്കാനുള്ള ശ്രമങ്ങൾ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും.

കിഴക്കൻ യൂറോപ്പിലെ അതിർത്തികളിലുള്ള നാറ്റോ സേനയുടെയും മിസൈലുകളുടെയും ഭീഷണി കാരണം റഷ്യയുടെ സുരക്ഷയിലും ആശങ്കയുണ്ട്. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയില്‍ ഉറപ്പ് വേണമെന്നും ഒപ്പം ഉക്രയ്‌നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്.

അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. സമാധാനം സ്ഥാപിക്കപ്പെടുന്നതിന്, കിഴക്കൻ ഉക്രെയ്നിലെ ഡോൺബാസ് മേഖല ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും യഥാർത്ഥ ആശങ്കകൾ പരിഹരിക്കപ്പെടണം.

ചർച്ചകൾ പുനരാരംഭിക്കുകയും ഇരുകക്ഷികളും നേരത്തെ ഉണ്ടാക്കിയ കരാറുകൾ പാലിക്കുകയും വേണം. അതേസമയം, ഉക്രയ്‌നിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നുമൊഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.