വീട് നഷ്‌ടമായ വിധവയോട് കൈക്കൂലി ചോദിച്ചു; തഹസിൽദാർക്ക് എതിരെ നടപടി

0
17

പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്‌ടപ്പെട്ട വിധവയോട് കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ നടപടി. നെടുമങ്ങാട് വെള്ളനാട് സ്വദേശി ഓമനയുടെ പരാതിയിൽ അന്വേഷണം നടത്തിയ ലോകായുക്‌ത പരാതിക്കാരിക്ക് നഷ്‌ട പരിഹാരമായി 50000 രൂപയും പലിശയും നൽകുവാൻ ഉത്തരവിട്ടു.

62 വയസായ പരാതിക്കാരിക്ക് കുട്ടികളില്ല. 84 വയസായ അമ്മയുടെ കൂടെ സ്വന്തം വിട്ടിലായിരുന്നു താമസം. 2014ലെ പ്രകൃതിക്ഷോഭത്തിൽ ഇവരുടെ വീട് ഭാഗികമായി തകർന്നിരുന്നു. തുടർന്ന് സ്‌ഥലം സന്ദർശിച്ച വില്ലേജ് ഓഫിസർ 15000 രൂപ നഷ്‌ടപരിഹാരം നിശ്‌ചയിച്ച്, റിപ്പോർട് കാട്ടാക്കട തഹസിൽദാർക്ക് സമർപ്പിച്ചു.

എന്നാൽ സ്‌ഥലം പരിശോധിച്ച ഡെപ്യൂട്ടി തഹസിൽദാർ തുക 3000 രൂപയായി കുറക്കുകയായിരുന്നു. അതേസമയം കൈക്കൂലി നൽകാൻ തയ്യാറാകാത്തതിനാലാണ് തുക കുറച്ചതെന്ന് പരാതിക്കാരി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ലോകായുക്‌തയിൽ പരാതി നൽകിയത്.

തഹസിൽദാറെയും അഡീഷണൽ തഹസിൽദാറെയും വെള്ളനാട് വില്ലേജ് ഓഫിസറെയും എതിർ കക്ഷികളാക്കിയാണ് പരാതിക്കാരി ലോകായുക്‌തയിൽ കേസ് ഫയൽ ചെയ്‌തത്‌. കേസിൽ അന്വഷണം നടത്തിയ ലോകായുക്‌ത ഉദ്യോഗസ്‌ഥരുടെ മനോഭാവത്തെ നിശിതമായി വിമർശിച്ചു. പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നൽകുവാൻ റവന്യു സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 6 ശതമാനം പലിശ 2017 മുതൽ നൽകുവാനാണ് നിർദ്ദേശം. തുക രണ്ട് മാസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ 9 ശതമാനം പലിശ നൽകണം.