മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി

0
29

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കോവിഡ് വാർഡ്, കോവിഡ് ഐസിയു എന്നിവ നേരിട്ട് സന്ദർശിക്കുകയും, കേസ് ഷീറ്റുകൾ പരിശോധിക്കുകയും സീനിയർ ഡോക്‌ടർമാരുടെ സന്ദർശന സമയം ഉൾപ്പടെയുള്ളവ വിലയിരുത്തുകയും ചെയ്‌തു. കൂടാതെ അത്യാഹിത വിഭാഗം, മൾട്ടി സ്‌പെഷ്യാലിറ്റി ബ്ളോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് എന്നിവിടങ്ങളിലെ വിവിധ വിഭാഗങ്ങൾ മന്ത്രി സന്ദർശിക്കുകയും പ്രവർത്തനം നേരിൽ കാണുകയും ചെയ്‌തു.

സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിലെ കരൾമാറ്റി വെക്കൽ ശസ്‍ത്രക്രിയക്ക് സജ്‌ജമാക്കുന്ന ലിവർ ട്രാൻസ്‍പ്ളാന്റ് ഐസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവ മന്ത്രി പരിശോധിച്ചു. എത്രയും വേഗം കരൾ മാറ്റിവെക്കൽ ശസ്‍ത്രക്രിയക്കുള്ള സൗകര്യങ്ങളൊരുക്കാൻ മന്ത്രി നിർദ്ദേശം നൽകുകയും ചെയ്‌തു. അത്യാഹിത വിഭാഗം സന്ദർശിക്കുന്ന സമയത്ത് ചില രോഗികളുടെ ബന്ധുക്കൾ തങ്ങളെ ലിഫ്റ്റിൽ കയറ്റുന്നില്ലെന്ന് മന്ത്രിയോട് പരാതി പറയുകയും, ഉടൻ തന്നെ അതിന് പരിഹാരം കാണുകയും ചെയ്‌തു. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആശുപത്രി അധികൃതർക്ക് മന്ത്രി നിർദ്ദേശവും നൽകി.

മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിദഗ്‌ധ ചികിൽസ ഉറപ്പാക്കുന്നതിനും അക്കാഡമിക് നിലവാരം ഉയർത്തുന്നതിനും വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൂടിയാണ് സന്ദർശനം നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടികെ ജയകുമാർ, തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. രവീന്ദ്രൻ എന്നിവർ ഈ കമ്മിറ്റിയിലുണ്ട്. മെഡിക്കൽ കോളേജിലെ കാര്യങ്ങളാണ് ഈ കമ്മിറ്റി പരിശോധിക്കുന്നത്.

ഒരു രോഗി അത്യാഹിത വിഭാഗത്തിലെത്തിയാൽ സമയം വൈകാതെ വിദഗ്‌ധ ചികിൽസ ഉറപ്പാക്കണം. കാർഡിയോളജിക്ക് ശക്‌തമായ ഒരു ടീമിനെ അത്യാഹിത വിഭാഗത്തിൽ സജ്‌ജമാക്കണം. സ്‌ട്രോക്ക് ചികിൽസ ഉറപ്പാക്കണം. സ്‌ട്രോക്ക് കാത്ത്‌ലാബ് ഏപ്രിൽ മാസത്തോടെ പ്രവർത്തന സജ്‌ജമാക്കും. അത്യാഹിത വിഭാഗത്തിലും കോവിഡ് വാർഡുകളിലും സീനിയർ ഡോക്‌ടർമാരുടെ സേവനം ഉണ്ടാകണമെന്നും മന്ത്രി വ്യക്‌തമാക്കി.

മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടർച്ചയായ ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും നടത്തി വരുന്നത്. പല തവണ മെഡിക്കൽ കോളേജ് സന്ദർശിക്കുകയും മീറ്റിംഗ് വിളിച്ച് കൂട്ടുകയും ചെയ്‌തിട്ടുണ്ട്. എത്രയും വേഗം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെക്കൽ ശസ്‍ത്രക്രിയ ആരംഭിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോൺ, ഡോ. അനിൽ സുന്ദരം, വിവിധ വകുപ്പ് മേധാവികൾ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.