റെയിൽവേ ടിക്കറ്റ് മെഷീനിലൂടെ ഇനി യു.പി.ഐ ആപ്പുകൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം.

0
32

ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ഇനി ക്യു.ആർ. കോഡ് ഉപയോഗിച്ചിട്ടുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനവും. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എ.ടി.വി.എം.) ക്യു.ആർ കോഡ് സ്‌കാൻചെയ്ത് യു.പി.ഐ ആപ്പുകൾവഴി പണമടച്ച് ടിക്കറ്റെടുക്കാം.

ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, തുടങ്ങിയ എല്ലാ വാലറ്റുകളും ഉപയോഗിക്കാനാകും. യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് യാത്രാടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും വാങ്ങാനും സീസൺ ടിക്കറ്റുകൾ പുതുക്കാനും കഴിയും.

നിലവിൽ പണമിടപാടിന് റെയിൽവേ വിതരണം ചെയ്യുന്ന സ്മാർട്ട് കാർഡുകൾ മാത്രമായിരുന്നു യാത്രക്കാർ ഉപയോഗിച്ചിരുന്നത്. എ.ടി.വി.എമ്മുകളിൽ ടിക്കറ്റ് എടുക്കണമെങ്കിൽ ഈ കാർഡ് നിർബന്ധമായിരുന്നു.

എന്നാൽ, ഇനിമുതൽ ടിക്കറ്റെടുത്തശേഷം യു.പി.ഐ ആപ്പുകൾവഴി പണമടയ്ക്കാം. എ.ടി.വി.എമ്മിന്റെ സ്‌ക്രീനിൽ തെളിയുന്ന കോഡ് സ്‌കാൻചെയ്താണ് ടിക്കറ്റിന്റെ പണമടക്കുന്നത്. സ്മാർട്ട് കാർഡുകൾ റീ ചാർജ്‌ചെയ്യാനും ഇനി ഇതേ സംവിധാനം ഉപയോഗിക്കാവുന്നതാണ്.