ഒവൈസിക്ക് നേരെ വെടിയുതിര്‍ത്ത സച്ചിന്‍ പണ്ഡിറ്റ് ബിജെപി അംഗം; തെളിവുകള്‍ പുറത്ത്

0
94

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത സച്ചിന്‍ പണ്ഡിറ്റ് സജീവ ബിജെപി പ്രവർത്തകൻ ആണെന്ന് പുറത്തുവന്നു. സച്ചിന്റെ ബിജെപി അംഗത്വ കാർഡ് അടക്കമുള്ള തെളിവുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണിപ്പോൾ.

ദേശ്ഭക്ത് സച്ചിന്‍ ഹിന്ദു എന്ന പേരിലാണ് അദ്ദേഹം ബിജെപി അംഗത്വമെടുത്തിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളോടൊപ്പം സച്ചിന്‍ എടുത്ത ഫോട്ടോകളും സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഒവൈസിയുടെ വാഹനത്തിന് നേരെ സച്ചിന്‍ ഉള്‍പ്പെട്ട സംഘം വെടിയുതിർത്തത്.

 

വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഒവൈസി രക്ഷപ്പെട്ടു. സംഭവശേഷം ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് സച്ചിന്‍ പണ്ഡിറ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പ്പൂര്‍ പ്രദേശത്തെ ദുരെ ഗ്രാമവാസിയായ സച്ചിന്‍ പണ്ഡിറ്റ് നിയമ വിദ്യാര്‍ഥിയാണ്. തീവ്രഹിന്ദുത്വ നിലപാടുള്ള സച്ചിന്‍ ഉവൈസിയുടെ പ്രസംഗങ്ങള്‍ യൂട്യൂബിലും മറ്റും കാണുകയും അതില്‍ പ്രകോപിതനാവുകയായിരുന്നുവെന്നാണ് സൂചന.
സച്ചിന്‍ മറ്റൊരു വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

സച്ചിന്റെ പിതാവ് വിനോദ് പാണ്ഡെ തൊഴിലാളികളെ കമ്പനികള്‍ക്ക് നല്‍കുന്ന കരാറുകാരനാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പോകുകയാണെന്ന് പറഞ്ഞാണ് സച്ചിന്‍ പുറത്തേക്ക് പോയതെന്നും പിന്നീടാണ് ഒവൈസിക്ക് നേരെ ആക്രമണമുണ്ടായതെന്നും പിതാവ് വിനോദ് പാണ്ഡെ പറയുന്നു.

സച്ചിനെ അഞ്ചുമണിക്കൂറോളം തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തു. സച്ചിന്‍ ആക്രമണത്തിന് ഉപയോഗിച്ച നാടന്‍ തോക്ക് വാങ്ങിയ ആളെ സംബന്ധിച്ച വിവരം അറിവായിട്ടുണ്ട്. രണ്ടാം പ്രതി ശുഭാം ഷര്‍നാപ്പൂരില്‍ നിന്നുള്ള കര്‍ഷകനാണ്.