Breaking– കണ്ണൂർ വി സി നിയമനം: ചെന്നിത്തലയുടെ ഹര്‍ജി തള്ളി; മന്ത്രി തെറ്റുകാരിയല്ലെന്ന് ലോകായുക്ത

0
49

കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രി ആര്‍ ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ല. സര്‍വകലാശാലയ്ക്ക് അന്യയല്ല ആര്‍ ബിന്ദുവെന്നും ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദും ലോകായുക്ത വിധിയില്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ക്ക് ഒരു നിർദ്ദേശം മാത്രമാണ് മന്ത്രി നല്‍കിയത്. അതുവേണമെങ്കില്‍ തള്ളാനോ കൊള്ളാനോവുളള സ്വതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. അഞ്ചു മിനിട്ടുമാത്രം തുടര്‍വാദം കേട്ടശേഷമാണ് ലോകായുക്ത കേസില്‍ വിധി പറഞ്ഞത്.

കഴിഞ്ഞ സിറ്റിങ്ങിലും കേസ് കേള്‍ക്കുമ്പോഴും ബിന്ദുവിന് അനുകൂല നിലപാടായിരുന്നു ലോകായുക്ത സ്വീകരിച്ചത്. ചാന്‍സലര്‍, പ്രോ ചാലന്‍സലര്‍ എന്നിവര്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന് ലോകായുക്ത അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രി തെറ്റ് ചെയ്തിട്ടില്ല. മന്ത്രി നിര്‍ദ്ദേശം മാത്രമാണ് നല്‍കിയത്.

അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല. മന്ത്രിയുടെ കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രൊപ്പോസ് എന്ന വാക്കാണുള്ളതെന്നും ലോകായുക്ത പറഞ്ഞിരുന്നു. മന്ത്രി എന്ന നിലയില്‍ ആര്‍ ബിന്ദു സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളിയത്.