മിനിമം ചാര്‍ജ് 10 രൂപ, യാത്രാ നിരക്ക് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

0
41

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ അടുത്തുതന്നെ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് അടച്ചുപൂട്ടലിന് പിന്നാലെ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാത്തതിനാല്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക് പോകാനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍. നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്.

മിനിമം നിരക്ക് 10 രൂപയാക്കാനാണ് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാശകള്‍ അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ ദൂരത്തിന് മിനിമം നിരക്ക് 8 ല്‍ നിന്ന് പത്താകണമെന്നാണ് നിര്‍ദേശം. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 80 പൈസ എന്നത് ഒരു രൂപയാകും. ഇതിന് ആനുപാതികമായിട്ടാകും തുടര്‍ന്നുള്ള വര്‍ധനവും.
രാത്രി സര്‍വീസുകള്‍ക്ക് 50 ശതമാനം അധിക നിരക്ക് വര്‍ധനവും ഗതാഗത വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

രാത്രി 8 നും പുലര്‍ച്ചെ 5 നും ഇടയിലുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. അതേസമയം ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മഞ്ഞ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കും. ഒന്നര കിലോമീറ്ററിന് ഒരു രൂപയും,5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവിലെ നിരക്ക്. ഈ രണ്ട് ദൂരത്തിനും 5 രൂപയാക്കാനാണ് നിര്‍ദേശം.