മുസ്ലിംലീ​​ഗിന് തിരിച്ചടി, ലീ​ഗ് യോ​ഗങ്ങളിൽ സമസ്തയുടെ പ്രതിനിധികൾ പങ്കെടുക്കില്ല; നിലപാടറിയിച്ച് സമസ്ത മുശാവറ

0
34

മുസ്ലിംലീ​ഗ് വിളിക്കുന്ന യോ​ഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിർണായക തീരുമാനവുമായി സമസ്ത. സ്ഥിരം മുസ്ലീം കോർഡിനേഷൻ സമിതി വേണ്ടെന്നും തീരുമാനിച്ചു. സമിതി വിളിച്ചുചേർക്കുന്ന യോ​ഗങ്ങൾ രാഷ്ട്രീയ ചർച്ചകളിലേക്ക് വഴിമാറുന്നുവെന്ന വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സമസ്ത കേന്ദ്ര മുശാവറ യോ​ഗത്തിലാണ് പുതിയ തീരുമാനം.

അടിയന്തര ഘട്ടങ്ങളിൽ പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നും സമസ്ത അറിയിച്ചു. ഇന്നലെയാണ് കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനം മലപ്പുറം ചേളാരിയിൽ നടന്ന ഏകോപന സമിതി യോഗത്തിൽ അറിയിച്ചത്. ലീ​ഗ് നേതാക്കൾ വിളിക്കുന്ന യോ​ഗങ്ങളിൽ‌ പങ്കെടുക്കില്ലെന്ന തീരുമാനം മുസ്ലിംലീ​​ഗിന് തിരിച്ചടിയാകും. കോ-ഓർഡിനേഷൻ കമ്മറ്റി യോഗങ്ങളിൽ സമസ്ത നേതാക്കൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതിയുയർന്നിരുന്നു. ഇത്തരം കൂട്ടായ്മകളെ ചൂണ്ടി സമസ്തക്കെതിരെ ഉയരുന്ന വിമർശനവും നേതൃത്വത്തെ അലോസരപ്പെടുത്തി.

പലവിവാദങ്ങളിലേക്കും രാഷ്ട്രീയമായി വലിച്ചിഴക്കപ്പെട്ടതോടെ സമസ്തയുടെ സ്വതന്ത്ര നിലപാടുകളും വിമർശിക്കപ്പെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങളെ വിഷയാധിഷ്ടിതമായി പരിഗണിക്കുന്ന കമ്മറ്റികളിൽ മാത്രം പങ്കെടുത്താൽ മതിയെന്ന നിലപാടിലേക്ക് സമസ്ത എത്തുന്നത്.